കൊച്ചി: അന്യസംസ്ഥാന തൊഴിലാളികള്‍ക്കുവേണ്ടിയുള്ള രാജ്യത്തെ ആദ്യത്തെ സഞ്ചരിക്കുന്ന കൊവിഡ് സ്‌ക്രീനിംഗ് മെഡിക്കല്‍ യൂണിറ്റ് പെരുമ്പാവൂരില്‍ ആരംഭിച്ചു. ഇതര സംസ്ഥാന തൊഴിലാളികളുടെ പ്രശ്നങ്ങളെയും ആവശ്യങ്ങളെയുംകുറിച്ച് പഠനം നടത്തുന്ന സെന്‍ട്രല്‍ ഫോര്‍ മൈഗ്രേഷന്‍ ആന്‍ഡ് ഇന്‍ക്ലൂസിവ് വകുപ്പും ദേശീയ ആരോഗ്യ മിഷനും ചേര്‍ന്നാണ് പദ്ധതി നടപ്പാക്കുന്നത്. തൊഴിലാളികളുടെ താമസ സ്ഥലങ്ങളില്‍ എത്തി അവര്‍ക്ക് വേണ്ട പരിശോധനകളും മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളും നല്‍കാനാകാണ് സഞ്ചരിക്കുന്ന മെഡിക്കല്‍ യൂണിറ്റുകള്‍ ആരംഭിക്കാന്‍ തീരുമാനിച്ചത്.
ഈ മാസം പകുതിയോടെ പ്രവര്‍ത്തനം തുടങ്ങാനായിരുന്നു തീരുമാനം. എന്നാല്‍ കൊവിഡ് പടരുന്ന പശ്ചാത്തലത്തില്‍ ഇത് വേഗത്തിലാക്കുകയായിരുന്നു. ഒരാളെ കിടത്തി പരിശോധിക്കുന്നതിനുള്ള എല്ലാവിധ സൗകര്യങ്ങളും ഈ വാഹനത്തില്‍ ക്രമീകരിച്ചിട്ടുണ്ട്. ഒരു ഡോക്ടര്‍, നഴ്സ്, പരിശോധന സ്ഥലത്തെ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലെ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍, പ്രോഗ്രാം ഡയറക്ടര്‍ തുടങ്ങിയവര്‍ വാഹനത്തിലുണ്ടാകും. പരിശോധനയുടെ റിപ്പോര്‍ട്ടുകള്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍മാര്‍ക്ക് കൈമാറും. മാഗ്ലൂര്‍ റിഫൈനറീസ് ആന്റോ പെട്രോ കെമിക്കല്‍സാണ് 40 ലക്ഷം രൂപ മുടക്കി സഞ്ചരിക്കുന്ന ആശുപത്രി ക്രമീകരിച്ചത്.