കണ്ണൂര്‍: കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ ഐസൊലേഷന്‍ വാര്‍ഡില്‍ രണ്ടുദിവസം മുമ്പ് പ്രവേശിപ്പിച്ച യുവതിയാണ് കൊറോണ സംശയിക്കുന്നവര്‍ക്കായി പ്രത്യേകം സജ്ജീകരിച്ച വാര്‍ഡിലെ ഓപ്പറേഷന്‍ തിയേറ്ററില്‍ പ്രസവിച്ചത്. ഞായറാഴ്ച രാത്രി പതിനൊന്നോടെ സിസേറിയനിലൂടെയായിരുന്നു പ്രസവം.
ഇവരെ 21-നാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഞായറാഴ്ച രാത്രി പ്രസവവേദന അനുഭവപ്പെടുകയും പരിശോധനയില്‍ അടിയന്തരമായി ശസ്ത്രക്രിയ ആവശ്യമാകുകയും ചെയ്തതോടെ കൊറോണ രോഗികള്‍ക്കുവേണ്ടി പ്രത്യേകമായി സജ്ജീകരിച്ച ഓപ്പറേഷന്‍ തിയേറ്ററില്‍ ശസ്ത്രക്രിയ നടത്തുകയായിരുന്നു. ഗൈനക്കോളജി വിഭാഗം മേധാവി ഡോ. എസ്. അജിതിന്റെ നിര്‍ദേശത്തില്‍ നടന്ന ശസ്ത്രക്രിയയ്ക്ക് ഡോ. ശബ്‌നം നേതൃത്വം നല്‍കി.
പ്രിന്‍സിപ്പല്‍ ഡോ. എന്‍. റോയ്, മെഡിക്കല്‍ സൂപ്രണ്ട് ഡോ. കെ. സുദീപ്, പീഡിയാട്രിക് വിഭാഗം മേധാവി എം.ടി.പി. മുഹമ്മദ്, അനസ്തീഷ്യോളജിസ്റ്റ് ഡോ. വൈശാഖ് തുടങ്ങിയവരുള്‍പ്പെടെ എല്ലാ പ്രധാന ഡോക്ടര്‍മാരും തിയേറ്ററില്‍ ഉണ്ടായിരുന്നു. 2.9 കിലോഗ്രാം തൂക്കമുള്ള കുഞ്ഞും ശസ്ത്രക്രിയയ്ക്കു വിധേയയായ അമ്മയും പൂര്‍ണ ആരോഗ്യത്തിലാണ്. കുട്ടിയെ പ്രത്യേകം തയ്യാറാക്കിയ ഐ.സി.യു.വില്‍ ഐസോലേഷനിലാക്കി.
ഖത്തറില്‍നിന്ന് 20-ന് നാട്ടിലെത്തിയ യുവതി ഗര്‍ഭിണിയായതിനാലാണ് കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജില്‍ നിരീക്ഷണത്തിലാക്കിയത്. ഇവരുടെ ഭര്‍ത്താവ് വീട്ടില്‍ത്തന്നെ ഐസൊലേഷനില്‍ തുടരുകയാണ്. ഇവരുടെ പരിശോധനാഫലം ഇന്നു ലഭിച്ചേക്കും.