Sunday, July 6, 2025 1:16 am

കോവിഡിനെ കീഴ്‌പ്പെടുത്തിയ അനുഭവങ്ങള്‍ പങ്കുവച്ച് റാന്നിയിലെ ജോസഫും ഓമനയും…

For full experience, Download our mobile application:
Get it on Google Play

റാന്നി : ലോകത്തിന്റെ ഉറക്കംകെടുത്തി കോവിഡ് 19 എന്ന മഹാമാരി എല്ലായിടത്തും പടര്‍ന്നുപിടിക്കുകയാണ്. പിടിച്ചുകെട്ടാന്‍ ലോകത്തിനൊപ്പം നമ്മുടെ കൊച്ചുകേരളവും മുന്നിലുണ്ട്. കോവിഡ് 19 പത്തനംതിട്ട ജില്ലയില്‍ ആദ്യമായി സ്ഥിരീകരിച്ചത് റാന്നി പഴവങ്ങാടി പഞ്ചായത്തിലെ ദമ്പതികളായ ഓമന ജോസഫിനും പി.എ ജോസഫ് പട്ടയിലിനുമാണ്. ഇപ്പോള്‍ അവര്‍ കോവിഡിനെ പടിക്കുപുറത്താക്കി വീട്ടില്‍ വിശ്രമത്തിലാണ്. 60 കാരിയായ ഓമനയും 65കാരനായ ജോസഫും തങ്ങളുടെ കൊറോണ അനുഭവങ്ങള്‍ പങ്കുവയ്ക്കുന്നു…

കോവിഡ് 19 സ്ഥിരീകരിച്ചപ്പോഴുണ്ടായ മാനസികാവസ്ഥ എന്തായിരുന്നു…?

ജോസഫ്:- കോവിഡ് 19 നെക്കുറിച്ച് പത്രത്തിലും ടിവി വാര്‍ത്തകളിലും കണ്ടിരുന്നു. കഴിഞ്ഞ ഫെബ്രുവരി 29ന് അനിയനും ഭാര്യയും മകനും ഇറ്റലിയില്‍നിന്ന് എത്തുമ്പോള്‍ അവരെ കെട്ടിപ്പിടിക്കാന്‍ നില്‍ക്കരുതെന്ന് കൊറോണ ഭയമുണ്ടായിരുന്ന ഭാര്യ ഓമന പറഞ്ഞിരുന്നു. ഇറ്റലിയില്‍ രോഗം രൂക്ഷമാകുന്ന സാഹചര്യത്തിലായിരുന്നല്ലോ അവരുടെ വരവ്. നാലുവര്‍ഷത്തിനുശേഷം അനിയനെയും കുടുംബത്തെയും കണ്ട സന്തോഷത്തില്‍ ഓമന പറഞ്ഞതുകാര്യമാക്കാതെ അവരെ കെട്ടിപ്പിടിച്ചു.

റാന്നിയില്‍ എല്‍.ഐ.സി കെട്ടിടത്തിന്റെ വാച്ച്മാന്‍ ആയി ജോലി ചെയ്യുകയായിരുന്നു ഞാന്‍. പതിവുപോലെ ജോലിക്കുപോയി ഒരുദിവസം സന്ധ്യയ്ക്ക് 7.30ന് തിരിച്ചുവരുമ്പോള്‍ ഭയങ്കരമായ ചുമയും കഫക്കെട്ടും അനുഭവപ്പെട്ടു. സ്‌കൂട്ടര്‍ ഓടിക്കാന്‍ ബുദ്ധിമുട്ടുണ്ടായിരുന്നു. മെഡിക്കല്‍ ഷോപ്പിലെത്തി ചുമയ്ക്കും പനിക്കുമുള്ള മരുന്നുവാങ്ങി ഒരുവിധം വീട്ടിലെത്തി. കുറച്ചു കഞ്ഞികുടിച്ചു ഗുളികയും ചുമയുടെ മരുന്നും കഴിച്ചെങ്കിലും ബുദ്ധിമുട്ട് മാറിയില്ല. രാത്രി നല്ല വിറയലും ഉണ്ടായിരുന്നു. കുറച്ചുകഴിഞ്ഞ് ഓമനയ്ക്കും പനിയായി.

പിറ്റേദിവസം മാര്‍ച്ച് 5 ന് രാവിലെ എട്ടിന് റാന്നി താലൂക്ക് ആശുപത്രിയില്‍ എത്തി. ഡോക്ടര്‍ ആനന്ദിനെയാണു കണ്ടു സംസാരിച്ചത്. ഡോക്ടര്‍ വിവരങ്ങള്‍ വിശദമായി ചോദിച്ചറിഞ്ഞു. കോവിഡ് 19 ലക്ഷണങ്ങള്‍ ആണെന്ന് മനസിലാക്കിയ ഉടന്‍ ഡോക്ടര്‍ ഇരുന്ന കസേരയില്‍ നിന്നും എഴുന്നേറ്റു. പിന്നെയെല്ലാം വേഗത്തിലായിരുന്നു. താലൂക്ക് ആശുപത്രിയുടെ മൂന്നാം നിലയില്‍ ഐസലേഷന്‍ വാര്‍ഡിനായി നേരത്തെ സജ്ജീകരിച്ചിരുന്ന മുറിയില്‍ ഞങ്ങളെ എത്തിച്ചു. വയ്യാത്തതിനാല്‍ അവിടുത്തെ ഒരു ബെഡില്‍ കിടന്നു. ആ മുറിയില്‍ ഉണ്ടായിരുന്ന ബാക്കി എല്ലാവരെയും പെട്ടെന്നുതന്നെ അവിടെ നിന്നും മാറ്റി. നഴ്‌സുമാര്‍ കൊണ്ടുവന്ന ദോശയില്‍ ഒരെണ്ണം ഒന്നു കഴിച്ചു. എന്റെയും ഓമനയുടെയും വിരലില്‍ എന്തോ ഒരു ഉപകരണം ഘടിപ്പിച്ചു. അപ്പോഴത്തെ സാഹചര്യംകണ്ടു ഞങ്ങള്‍ക്ക് കൊറോണ ഉണ്ടെന്നു മനസിലായി. മറ്റുള്ളവര്‍ ഞങ്ങളെ അകറ്റി നിര്‍ത്തുമോയെന്നായി മനസില്‍. അപ്പോഴത്തെ മാനസികാവസ്ഥ പറഞ്ഞറിയിക്കാനാവില്ല. രാവിലെ എട്ടിന് എത്തിയ ഞങ്ങള്‍ ഒരു മണിവരെ ആശുപത്രിയിലുണ്ടായിരുന്നു. ഇതിനിടയില്‍ ഡോക്ടര്‍മാര്‍ തിരക്കിട്ട ചര്‍ച്ചകള്‍ നടത്തുന്നുണ്ടായിരുന്നു . പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ എത്തിക്കാനുള്ള സജ്ജീകരണങ്ങള്‍ ഒരുക്കി. രോഗികളും മറ്റ് ആശുപത്രി അധികൃതരും കയറുന്ന ലിഫ്റ്റില്‍ കയറാതെ കെട്ടിടത്തിനു പുറകിലെ സ്‌റ്റെയര്‍കെയ്‌സ് വഴിയാണ് ഞങ്ങളെ ആശുപത്രിയുടെ പിന്‍ഭാഗത്ത് എത്തിച്ചത്. ആംബുലന്‍സ് ആരുംവരാത്ത പ്രദേശത്തേക്കു മാറ്റിയിട്ടു. ആരെയും കാണിക്കാതെ ആംബുലന്‍സില്‍ കയറ്റി. അത്യാവശ്യ സാധനങ്ങള്‍ എടുക്കുന്നതിനായി ആംബുലന്‍സില്‍ത്തന്നെ വീട്ടില്‍ എത്തിച്ചു. ഒരു ബാഗില്‍ കണ്ണാടിയും കുറച്ചു വസ്ത്രങ്ങളും മരുന്നുകളും ഓമന എടുത്തുവച്ചു. പുതിയതായി വാങ്ങിവച്ചിരുന്ന ഡ്രസുകളും മറ്റു സാധനങ്ങളും എടുക്കരുതെന്ന് ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചിരുന്നു. അരമണിക്കൂറിനകം പത്തനംതിട്ട ജനറല്‍ ആശുപത്രിയിലെത്തിച്ചു. ഞങ്ങള്‍ എത്തുമ്പോള്‍ ഡോക്ടര്‍മാരെല്ലാം മാസ്‌ക് ധരിച്ചിരുന്നു.

ആശുപത്രിയിലെ ഐസലേഷന്‍ ജീവിതം എങ്ങനെ ആയിരുന്നു…?

ജോസഫ്:- ഐസലേഷന്‍ മുറിയില്‍ വലിയ സൗകര്യം ഉണ്ടായിരുന്നു. മൂന്നു ബെഡുകള്‍ അടങ്ങിയ മുറിയില്‍ ടോയ്‌ലറ്റ് സൗകര്യവും ഉണ്ടായിരുന്നു. എല്ലാദിവസവും രാവിലെയും വൈകിട്ടും പ്രത്യേകവേഷം ധരിച്ച(പി.പി.ഇ കിറ്റ്) ധരിച്ച രണ്ടുപേര്‍ വന്നു മുറിയും ടോയ്ലറ്റും വൃത്തിയാക്കും. പുതിയ ഡ്രസും കൊണ്ടുവന്നു തരും.
ഡോ. നസ്ലിമും ഡോ.ശരത്തും അടങ്ങുന്ന കുറച്ചുപേരാണ് എന്നെയും ഭാര്യയെയും ചികിത്സിച്ചത്. ആദ്യംമുതലേ ശരീരവേദന അനുഭവപ്പെട്ടിരുന്നു. എത്ര രാത്രിയായാലും ബുദ്ധിമുട്ടുകള്‍ ഉണ്ടെങ്കില്‍ അറിയിക്കണം എന്ന് ഡോക്ടര്‍മാര്‍ പറഞ്ഞിരുന്നു. രോഗം സ്ഥിരീകരിച്ച അന്നുമുതല്‍ 15 ദിവസത്തോളം ഭക്ഷണംകഴിക്കാന്‍ ബുദ്ധിമുട്ട് ഉണ്ടായിരുന്നു. വായില്‍ കയ്പ് അനുഭവപ്പെട്ടു. ഭക്ഷണം ഇഷ്ടംപോലെ ലഭിക്കുന്നുണ്ടായിരുന്നെങ്കിലും ഒന്നുംകഴിക്കാന്‍ തോന്നിയില്ല. ഓറഞ്ചും ഏത്തപ്പഴവും കഴിച്ചാണു രണ്ടുമൂന്നുദിവസം തള്ളിനീക്കിയത്. പരവേശം എടുക്കുമ്പോള്‍ മാത്രം കുറച്ചു ചായകുടിക്കും.
ഈ രോഗമാണെന്നു സൂചനകിട്ടിയ വെപ്രാളത്തിനിടയില്‍ കണ്ണാടി ഒടിഞ്ഞു പോയിരുന്നു. ആശുപത്രി അധികൃതര്‍ പകരം കണ്ണാടി വാങ്ങിതരുകയും ആവശ്യമായ സാധനങ്ങള്‍ കൃത്യസമയത്ത് എത്തിക്കുകയും ചെയ്തിരുന്നു. ഞങ്ങള്‍ക്കുവേണ്ടി പ്രവര്‍ത്തിച്ച എല്ലാവര്‍ക്കും നന്ദി ഉണ്ട്. പഞ്ചായത്ത് പ്രസിഡന്റ് ബോബി എബ്രഹാം കിഴക്കേ മുറിയിലിനെ അങ്ങേയറ്റം പ്രശംസിക്കാതെ വയ്യ.

ഓമന:- 26 ദിവസത്തെ ആശുപത്രി വാസത്തിനുശേഷം ആരോഗ്യം വീണ്ടെടുക്കുന്ന അവസ്ഥയിലേക്കു ഞങ്ങള്‍ മാറി.(അടുക്കളയില്‍ പാചകത്തിനിടയിലാണ് ഓമന സംസാരിച്ചത്). ആശുപത്രിയിലായിരുന്നപ്പോള്‍ ഭക്ഷണവും മരുന്നും കഴിക്കാന്‍ ബുദ്ധിമുട്ടായിരുന്നു. വായില്‍ കയ്പ് അനുഭവപ്പെട്ടതിനാല്‍ ആദ്യത്തെ കുറച്ചുദിവസം ഗുളിക കഴിച്ചിരുന്നത് ഓറഞ്ച് നീര് കുടിച്ചായിരുന്നു. ഡോക്ടര്‍മാരും മറ്റ് ഉദ്യോഗസ്ഥരും എല്ലാവിധ സഹായങ്ങളും ചെയ്തുതന്നു. എല്ലാ ദിവസവും മുറിയില്‍ എത്തുന്ന ഡോക്ടര്‍മാര്‍ മുഖംമൂടിവച്ചു കണ്ണടവച്ചിരുന്നതിനാല്‍ ആരുടെയും മുഖം കണ്ടിരുന്നില്ല. രോഗം ഭേദമായി ആശുപത്രിയില്‍ നിന്നു പോകുന്നതിനുമുമ്പു പരിചരിച്ച എല്ലാവരുടെയും കാണുന്നതിനായി ആഗ്രഹിച്ചിരുന്നു. സുഖവിവരങ്ങള്‍ അന്വേഷിക്കാന്‍ എത്തുന്ന ഡോക്ടര്‍മാരുടെ അടുത്ത് ഈ ആഗ്രഹം പറഞ്ഞിരുന്നു. മാനസികമായി ബുദ്ധിമുട്ട് ഉണ്ടായപ്പോള്‍ ഡോക്ടര്‍മാര്‍ ആശ്വസിപ്പിച്ചിരുന്നു. അവരോടൊക്കെ എത്ര നന്ദി പറഞ്ഞാലും മതിയാകില്ല. പഞ്ചായത്ത് പ്രസിഡന്റ് ബോബി എബ്രഹാം കിഴക്കേമുറിയില്‍ ഞങ്ങള്‍ക്കുവേണ്ട സാധനങ്ങള്‍ ഇപ്പോള്‍ വീട്ടില്‍ എത്തിക്കുന്നുണ്ട്.

അപ്പച്ചനേക്കുറിച്ച് ഇത്തിരി നേരം…

ജോസഫ്:- അപ്പച്ചന് 93 വയസായില്ലേ, പെട്ടെന്ന് ദേഷ്യം വരും. വീട്ടിലെ രീതികളൊന്നും ആശുപത്രിയില്‍ പറ്റില്ലല്ലോ…(ചിരിച്ചുകൊണ്ട്) പ്രായത്തിന്റേതായ ബുദ്ധിമുട്ടുകളുണ്ട് ഇരുവര്‍ക്കും. മൂത്രസംബന്ധമായ പ്രശ്‌നങ്ങള്‍ രണ്ടു പേര്‍ക്കുമുള്ളതിനാലാണ് കോട്ടയം മെഡിക്കല്‍ കോളേജില്‍ നിന്നും ഡിസ്ചാര്‍ജ് ആവാത്തത്. വെറെ പ്രശ്‌നങ്ങളൊന്നുമില്ലെങ്കില്‍ ഡിസ്ചാര്‍ജ് ചെയ്യുമെന്നാണ് അറിഞ്ഞത്.

തങ്ങള്‍ക്കുവേണ്ടി മണിക്കൂറുകളോളം വെള്ളംപോലും കുടിക്കാതെയും സമയത്തിനു ഭക്ഷണംകഴിക്കാതെയും ഉറക്കവും ഒഴിച്ച് കുട്ടികളെയും കുടുംബത്തെയും മറന്നു കൂടെനിന്ന ഡോക്ടര്‍മാരും നഴ്‌സുമാരും ഉള്‍പ്പെടെയുള്ള എല്ലാ ആരോഗ്യപ്രവര്‍ത്തകര്‍ക്കും മറ്റ് ഉദ്യോഗസ്ഥര്‍ക്കും ഈ ദമ്പതികള്‍ നന്ദി പറയുന്നു. എല്ലാ ദിവസവും വിവരങ്ങള്‍ അന്വേഷിച്ച് തങ്ങളുടെ ആരോഗ്യകാര്യത്തില്‍ ഇടപെട്ട മുഖ്യമന്ത്രിയോടും ശൈലജ ടീച്ചറിനോടും കളക്ടര്‍ സാറിനോടും ഇവര്‍ നന്ദി പറയുന്നു.

dif
ncs-up
rajan-new
previous arrow
next arrow
Advertisment
life new add up
silpa-up
asian
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

സംസ്കൃത സർവ്വകലാശാലയിൽ ബി. എ. (മ്യൂസിക്) : സ്പോട്ട് അഡ്മിഷൻ ജൂലൈ ഒമ്പതിന്

0
ശ്രീശങ്കരാചാര്യ സംസ്കൃത സർവ്വകലാശാലയുടെ കാലടി മുഖ്യ ക്യാമ്പസിലുളള മ്യൂസിക്ക് വിഭാഗത്തിലെ ബി....

തൃശൂർ ചേലക്കരയിൽ ഗോതമ്പ് പൊടിയിൽ പുഴുവിനെ കണ്ടെത്തി

0
തൃശൂർ : ചേലക്കരയിൽ ഗോതമ്പ് പൊടിയിൽ പുഴുവിനെ കണ്ടെത്തി. പാകം ചെയ്ത്...

കാട്ടുപന്നി ശല്യം : ഇലന്തൂര്‍ ഗ്രാമപഞ്ചായത്തില്‍ ഷൂട്ടര്‍മാരെ നിയോഗിച്ചു

0
പത്തനംതിട്ട : ഇലന്തൂര്‍ ഗ്രാമപഞ്ചായത്തില്‍ വനേതര ജനവാസ മേഖലകളില്‍ ജനങ്ങളുടെ ജീവനും...

വാടക ക്വാട്ടേഴ്സ് കേന്ദ്രീകരിച്ച് കഞ്ചാവ് വില്പന നടത്തിവന്ന ലഹരി കടത്ത് സംഘത്തിലെ പ്രധാനി പിടിയിലായി

0
തേഞ്ഞിപ്പാലം: വാടക ക്വാട്ടേഴ്സ് കേന്ദ്രീകരിച്ച് കഞ്ചാവ് വില്പന നടത്തിവന്ന ലഹരി കടത്ത്...