തിരുവനന്തപുരം : കൊറോണ വൈറസ് വ്യാപനം തടയുന്നതിന്റെ ഭാഗമായി ഇപ്പോള്‍ ചികിത്സയ്ക്കായി ആശുപത്രികളിലേയ്ക്ക് ചെല്ലുന്നവര്‍ക്കെല്ലാം കൊറോണ ടെസ്റ്റ് നിര്‍ബന്ധമാക്കിയിരിക്കുകയാണ്. സര്‍ക്കാര്‍ ആശുപത്രികളിലാണ് ചികിത്സ തേടുന്നതെങ്കില്‍ കോവിഡ് രോഗിക്ക് ഭക്ഷണമടക്കം എല്ലാം സൗജന്യം. എന്നാല്‍ സ്വകാര്യ ആശുപത്രികളില്‍ ഭക്ഷണം മുതല്‍ നഴ്സുമാരും ഡോക്ടര്‍മാരും ധരിക്കുന്ന പി.പി.ഇ. കിറ്റിന്റെ പണംവരെ രോഗി നല്‍കണം. അങ്ങനെയാകുമ്പോള്‍ ഒരാള്‍ക്ക് 60,000 മുതല്‍ നാലും അഞ്ചും ലക്ഷംവരെ രൂപ ചെലവുവരാം.
സംസ്ഥാനത്ത് കൊറോണ വൈറസ് വ്യാപനം ദിനംപ്രതി 6000 എന്ന നിലയിലേയ്ക്ക് എത്തി നല്‍ക്കുമ്പോഴും അപൂര്‍വം ചിലര്‍ മാത്രമാണ് കൊറോണ ഇന്‍ഷുറന്‍സ് എടുത്തവര്‍.
ഇന്‍ഷുറന്‍സ് റെഗുലേറ്ററി ആന്‍ഡ് ഡെവലപ്മെന്റ് അതോറിറ്റി ഓഫ് ഇന്ത്യ നിര്‍ദേശിച്ചതനുസരിച്ച് രാജ്യത്തെ പ്രമുഖ ജനറല്‍ -ആരോഗ്യ ഇന്‍ഷുറന്‍സ് കമ്പനികളെല്ലാം കൊറോണ ഇന്‍ഷുറന്‍സ് പോളിസികള്‍ തുടങ്ങിയിട്ടുണ്ട്.
500 രൂപമുതല്‍ 5000 രൂപവരെ പ്രീമിയം അടച്ചാല്‍ അമ്പതിനായിരം മുതല്‍ അഞ്ചുലക്ഷം വരെ ആനുകൂല്യം ലഭിക്കുന്നതാണ് പോളിസികള്‍. കൊറോണ രക്ഷക് പോളിസി പ്രകാരം 72 മണിക്കൂറിലധികം ആശുപത്രിയില്‍ കിടത്തിച്ചികിത്സ വേണ്ടിവന്നാല്‍ ഇന്‍ഷുര്‍ തുക പൂര്‍ണമായും ലഭിക്കുന്ന പദ്ധതി. 50,000, ഒരുലക്ഷം, ഒന്നരലക്ഷം, രണ്ട് ലക്ഷം, രണ്ടര ലക്ഷം എന്നിങ്ങനെ ലഭിക്കുന്ന പോളിസികളുണ്ട്. സമയപരിധി മൂന്നരമാസം, ആറരമാസം, ഒന്‍പതരമാസം . 18 മുതല്‍ 65 വയസ്സുവരെയുള്ളവര്‍ക്ക് പോളിസിയെടുക്കാം. പോളിസിയെടുത്ത് 15 ദിവസത്തിനുള്ളില്‍ രോഗം സ്ഥിരീകരിച്ചാല്‍ ആനുകൂല്യത്തിന് അര്‍ഹതയുണ്ടാവില്ല.
കൊറോണ കവച് പോളിസി വ്യക്തിക്കും കുടുംബമായും ചേരാവുന്ന പോളിസിയാണിത്. ഒരു ദിവസം പ്രായമായ കുട്ടിമുതല്‍ 65 വരെയാണ് പ്രായപരിധി. ചികിത്സയ്ക്ക് ചെലവായ തുക മാത്രമാണ് ലഭിക്കുക -പരമാവധി അഞ്ചുലക്ഷം. സമയപരിധി ‘രക്ഷകി’നെപ്പോലെതന്നെ. ചികിത്സാച്ചെലവുകള്‍ക്കു പുറമെ പി.പി.ഇ. കിറ്റ്, മാസ്‌ക്, ഗ്ലൗസ് തുടങ്ങിയവയ്ക്കും വീട്ടുചികിത്സ, ആംബുലന്‍സ് എന്നിവയ്ക്കുമുള്ള ചെലവുകള്‍ കിട്ടും. അനുബന്ധരോഗങ്ങള്‍ക്കും ആയുര്‍വേദ, ഹോമിയോ, യുനാനി ചികിത്സയ്ക്കും ആനുകൂല്യമുണ്ട്.