പത്തനംതിട്ട : കോവിഡ് 19നെ പ്രതിരോധിച്ച് നാടിന്റെ കരുതലാകുന്ന സംസ്ഥാന സർക്കാരിന് പിന്തുണയർപ്പിച്ച് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് മൂന്നുദിവസത്തെ ശമ്പളം നൽകി സിവിൽ പോലീസ് ഓഫീസർ. ആറന്മുള പോലീസ് സ്റ്റേഷനിലെ ജനമൈത്രി ബീറ്റ് ഓഫീസറായിരുന്ന ചക്കുവള്ളി പടിഞ്ഞാറ്റക്കിഴക്ക് വലിയരാമച്ചൻവിള പുത്തൻവീട്ടിൽ സുൽഫിഖാൻ റാവുത്തറാണ് സഹായം നൽകിയത്.
സുമനസ്സുകളുടെ സഹകരണവും സഹായവും മുഖ്യമന്ത്രി വെള്ളിയാഴ്‌ചയാണ് അഭ്യർഥിച്ചത്. എന്നാൽ വ്യാഴാഴ്‌ചതന്നെ സുൽഫി തന്നാലാവും വിധം സഹായം നൽകാനുള്ള സമ്മതപത്രം പത്തനംതിട്ട അഡീഷണൽ എസ്‌പിക്ക് ഇ –-മെയിൽ ചെയ്‌തിരുന്നു. നേരത്തെ പ്രളയദുരിതാശ്വാസ ഫണ്ടിലേക്ക് ഒരുമാസത്തെ ശമ്പളവും ഓഖി ദുരന്തസമയത്ത് മൂന്നുദിവസത്തെ ശമ്പളം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കും സുൽഫി നൽകിയിരുന്നു. കോവിഡ് 19 പ്രതിരോധത്തിന് ഇനിയും സഹായം നൽകാൻ തയ്യാറാണെന്ന് സുൽഫിഖാൻ പറഞ്ഞു.
ഹൈക്കോടതി ജഡ്‌ജി ജസ്റ്റിസ് ടി ആർ രവിയുടെ പേഴ്‌സണൽ സെക്യൂരിറ്റി ഓഫീസറായി ചൊവ്വാഴ്‌ച സുൽഫിക്ക് നിയമനം ലഭിച്ചു. പോരുവഴി പഞ്ചായത്ത് ലൈബ്രറി കൗൺസിൽ കൺവീനർ, ചക്കുവള്ളിയിലെ സർക്കാർ ജീവനക്കാരുടെ സംഘടന എഫർട്ട് പ്രസിഡന്റ്, താലൂക്ക് ലൈബ്രറി കൗൺസിൽ അംഗം മിഴി ഗ്രന്ഥശാല ചക്കുവള്ളി സെക്രട്ടറി എന്നീ നിലകളിലും സുൽഫി പ്രവർത്തിക്കുന്നു.
കേരളാ പൊലീസ് അസോസിയേഷൻ കെഎപി ഒന്നാം ബറ്റാലിയൻ മുൻ ജില്ലാ സെക്രട്ടറിയുമായിരുന്നു. ഭാര്യ: ആർ മുംതാസ്, മക്കൾ: അഷാസ് ഖാൻ, മുഹമ്മദ് നിഹാൽ, ഐറ, ആമീഷ് ഖാൻ.