തിരുവല്ല : ബ്രേയ്ക്ക് ദ ചെയിന്‍ കാമ്പയിന്റെ ഭാഗമായി തിരുവല്ല നഗരസഭാ പരിസരം അണുവിമുക്തമാക്കും. തിരുവല്ല നഗരസഭയുടെ നേതൃത്വത്തില്‍ ആരംഭിച്ച ശുചീകരണ യജ്ഞത്തിന്റെ ആദ്യ ഘട്ടത്തിന് മാത്യു ടി തോമസ് എം.എല്‍.എ തുടക്കം കുറിച്ചു. രണ്ടു ഘട്ടങ്ങളിലായി നടപ്പാക്കുന്ന ശുചീകരണ പരിപാടിയുടെ ആദ്യഘട്ടം രാമന്‍ചിറ മുതല്‍ മഴുവങ്ങാട്ചിറ വരെയും എസ്.സി.എസ് ജംഗ്ഷന്‍ മുതല്‍ തിരുവല്ല പ്രൈവറ്റ് ബസ് സ്റ്റാന്‍ഡ് വരെയും തിരുവല്ല താലൂക്ക് ആശുപത്രി മുതല്‍ കുരിശ് കവലവരെയുമാണ് നടത്തുന്നത്.
പൊതുഇടങ്ങള്‍, പ്രൈവറ്റ് ബസ് സ്റ്റാന്‍ഡ്, പൊതുസ്ഥാപനങ്ങള്‍ തുടങ്ങി നഗരസഭയുടെ പ്രധാന ഭാഗങ്ങളിലെല്ലാം ശുചീകരണ പ്രവര്‍ത്തനം നടക്കും. രണ്ടു ദിവസങ്ങളായിട്ടാണ് ആദ്യഘട്ടം പൂര്‍ത്തിയാക്കുക. ഫയര്‍ഫോഴ്സിന്റെ രണ്ടു വാഹനങ്ങളും മുനിസിപ്പാലിറ്റിയുടെ ഒരു വാഹനവുമാണ് ഇതിനായി ഉപയോഗിക്കുന്നത്. നഗരസഭയുടെ കീഴില്‍ സാനിറ്റൈസേഷന്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ വാര്‍ഡ് സാനിറ്റൈസേഷന്‍ കമ്മിറ്റി ഫണ്ട് ഉപയോഗിച്ച് വാര്‍ഡിലെ പ്രധാന ഇടങ്ങള്‍ അണുവിമുക്തമാക്കാന്‍ തീരുമാനമായി. നഗരസഭ ഹെല്‍ത്ത് സൂപ്പര്‍വൈസര്‍ അജി.എസ് കുമാറിനാണ് നഗരസഭയുടെ കീഴിലെ ശുചീകരണ യജ്ഞത്തിന്റെ ചുമതല.
തിരുവല്ല നഗരസഭാ ചെയര്‍മാന്‍ ആര്‍.ജയകുമാര്‍, ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ ജേക്കബ് ജോര്‍ജ് മനയ്ക്കല്‍, വാര്‍ഡ് കൗണ്‍സിലര്‍ പി. മത്തായി, തിരുവല്ല തഹസില്‍ദാര്‍ ജോണ്‍ വര്‍ഗീസ്, നഗരസഭാ ഹെല്‍ത്ത് ഉദ്യോഗസ്ഥര്‍, ഫയര്‍ഫോഴ്സ്, പോലീസ്, യുവജന സംഘടനാ പ്രതിനിധികള്‍ തുടങ്ങിയവര്‍ ശുചീകരണ യജ്ഞത്തില്‍ പങ്കാളികളായി.