ന്യൂയോർക്ക് : കൊറോണ വൈറസ് തടയാൻ വിവിധ രാജ്യങ്ങൾ പ്രതിരോധനടപടികൾ കടുപ്പിച്ചപ്പോൾ വീട്ടിൽനിന്ന് പുറത്തിറങ്ങാൻ കഴിയാതായത് നൂറുകോടി പേർക്ക്. യൂറോപ്പിലെയും ഏഷ്യയിലെയും ഏതാനും രാജ്യങ്ങളും അമേരിക്കയിലെ ചില സംസ്ഥാനങ്ങളുമാണ് പൗരന്മാരോട് വീടുകളിൽതന്നെ കഴിയാൻ ആവശ്യപ്പെട്ടിരിക്കുന്നത്. ജനങ്ങളുടെ നീക്കങ്ങൾ നിയന്ത്രിച്ചും സ്കൂളുകൾ പൂട്ടിയും ലക്ഷക്കണക്കിനുപേരോട് വീട്ടിലിരുന്ന് ജോലിചെയ്യാൻ ആവശ്യപ്പെട്ടുമാണ് ലോകം മഹാമാരിക്കെതിരേ പോരാടുന്നത്.
35 രാജ്യങ്ങളാണ് വീട്ടിൽനിന്ന് പുറത്തിറങ്ങരുതെന്ന് പൗരന്മാർക്ക് നിർദേശം നൽകിയിരിക്കുന്നത്. വിവിധരാജ്യങ്ങളിലായി മറ്റൊരു 60 കോടി പേർ സർക്കാരുകളുടെ ശക്തമായ നിയന്ത്രണങ്ങളിലുമാണ്.