ന്യുയോർക്ക്: കോവിഡ് പൂർണമായും സുഖപ്പെട്ടവരുടെ രക്തം മറ്റുള്ളവർക്ക് രോഗം വരാതിരിക്കാൻ സഹായിക്കുമോ? ന്യുയോർക്കിലെ ഡോക്ടർമാർ, ഗുരുതരമായ രോഗം ബാധിച്ചവരിൽ ഇത് പരീക്ഷിക്കാനൊരുങ്ങുകയാണ്. കോവിഡ് രോഗം അതിജീവിച്ചവരുടെ രക്തത്തിൽ ധാരാളം ആന്റിബോഡികളും പ്രോട്ടീനുകളുമുണ്ട്. വൈറസിനെ ആക്രമിക്കാൻ ശരീരത്തിന്റെതന്നെ സംവിധാനം നിർമിച്ചതാണിത്. എബോള, ഇൻഫ്ലുവൻസ മുതലായ പകർച്ചവ്യാധികൾ ചികിൽസിക്കാൻ ദശാബ്ദങ്ങളായി ഇത്തരത്തിൽ ആന്റിബോഡികൾ അടങ്ങിയ രക്തത്തിലെ പ്ലാസ്മ ഉപയോഗിക്കുന്നുണ്ട്.
രോഗം ഗുരുതരമല്ലാത്തവരിൽ ചികിത്സാരീതിയായി ഇത് പരീക്ഷിക്കാവുന്നതാണെന്ന് മൗണ്ട് സിനായി ഹോസ്പിറ്റലിലെ ഡോ. ഡേവിഡ് എൽ റെയ്ച് പറയുന്നു. ശരിയായ രോഗികളിൽ ശരിയായ സമയത്ത് ഈ ചികിത്സ നടത്തണം. എന്നാൽ ഇതൊരു പരീക്ഷണമാണ്– റെയ്ച് പറഞ്ഞു. രോഗം സുഖപ്പെട്ടു വരുന്നവരിൽ ആന്റിബോഡികളെ തിരിച്ചറിയാനുള്ള ടെസ്റ്റ് ആദ്യമായി അമേരിക്കയിൽ വികസിപ്പിച്ചത് മൗണ്ട് സിനായിയിലെ ഗവേഷകരാണ്. അടിയന്തര സാഹചര്യത്തിൽ കോവിഡ് രോഗികളിൽ പ്ലാസ്മ ഉപയോഗിക്കാൻ ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്ട്രേഷൻ അനുമതി നൽകി. രോഗം സുഖപ്പെട്ടവരോട് പ്ലാസ്മ ദാനം ചെയ്യാൻ ആവശ്യപ്പെട്ടപ്പോൾ രണ്ടായിരത്തോളം പേരാണ് പ്രതികരണം അറിയിച്ചത്.