ചൈന : കൊറോണ വൈറസ് കൂടുതല്‍ രാജ്യങ്ങളില്‍ സ്ഥിരീകരിച്ചതോടെ ലോകം അതീവ ജാഗ്രതയില്‍. സ്ഥിതിഗതികള്‍ വിലയിരുത്താനായി ലോകാരോഗ്യ സംഘടനാ ഡയറക്ടര്‍ ജനറല്‍ ചൈനയിലെത്തി. ചൈനക്ക് സഹായം വാഗ്ദാനം ചെയ്ത് അമേരിക്കയും രംഗത്തെത്തി.
ഇന്നലെ വരെയുള്ള കണക്ക് പ്രകാരം 81 പേരാണ് മരിച്ചത്. 2700ലേറെ പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. കൂടുതല്‍ രാജ്യങ്ങളില്‍ വൈറസ് ബാധ സ്ഥിരീകരിച്ചതോടെ ലോകം മുഴുവന്‍ ജാഗ്രത പാലിക്കുന്നു. ജപ്പാന്‍, ദക്ഷിണ കൊറിയ, തായ്‍വാന്‍, തായ്‍ലാണ്ട്, വിയറ്റ്നാം, സിംഗപ്പൂര്‍ , നേപ്പാള്‍, ഫ്രാന്‍സ്, ആസ്ത്രേലിയ, അമേരിക്ക എന്നീ രാജ്യങ്ങള്‍ക്ക് പുറമെ ശ്രീലങ്കയിലും കംബോഡിയയിലും ഓരോരുത്തര്‍ക്കും കാനഡയില്‍ രണ്ട് പേര്‍ക്കും വൈറസ് ബാധ സ്ഥിരീകരിച്ചു. ഇവിടങ്ങളില്‍ ആരോഗ്യ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കി. തായ്‍ലാന്റിൽ വൈറസ് നിയന്ത്രണ വിധേയമാണെന്ന് സര്‍ക്കാര്‍ അറിയിച്ചു. അതേസമയം ചൈനക്ക് എല്ലാ സഹായങ്ങളും നല്‍കാന്‍ തയ്യാറാണെന്ന് യുഎസ് പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപ് വ്യക്തമാക്കി.
ചൈനയിലുള്ള പൗരന്മാരെ തിരികെ നാട്ടിലെത്തിക്കാനുള്ള നടപടികള്‍ വിവിധ രാജ്യങ്ങള്‍ തുടങ്ങിക്കഴിഞ്ഞു. വൈറസ് ആഗോള തലത്തില്‍ പ്രതികൂലമായി ബാധിക്കുമെന്ന് ലോകാരോഗ്യ സംഘടനയും അറിയിച്ചു. വൈറസിന്റെ വ്യാപ്തി വളരെ വലുതാണെന്നും രൂക്ഷത കുറക്കാന്‍ ബുദ്ധിമുട്ടാണെന്നും ഡബ്ള്യൂ.എച്ച്.ഒ പറയുന്നു. രോഗികളെ ചികിത്സിക്കുന്ന ഡോക്ടര്‍മാര്‍ക്കും സുരക്ഷ വേണമെന്നും ലോകാരോഗ്യ സംഘടന അഭിപ്രായപ്പെട്ടു.