ഇറ്റലി : ലോകത്ത് കോവിഡ് 19 ബാധിച്ച് മരിച്ചവരുടെ എണ്ണം പതിനൊന്നായിരം കടന്നു. ഇറ്റലിയില്‍ മാത്രം നാലായിരത്തിലധികം പേരാണ് രോഗം ബാധിച്ച് മരിച്ചത്. രണ്ടേമുക്കാല്‍ ലക്ഷത്തോളം പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്.
627 പേര്‍ കൂടി മരിച്ചതോടെ ഇറ്റലിയിലെ മരണ സംഖ്യ 4032 ആയി. പ്രഭവകേന്ദ്രമായ ചൈനയേയും മറികടന്ന് ഇറ്റലിയില്‍ കോവിഡ് മരണം വര്‍ദ്ധിക്കുകയാണ്. ലോകത്താകെ രോഗബാധിതരുടെ എണ്ണം രണ്ടര ലക്ഷം കവിഞ്ഞു. ലോകത്ത് കോവിഡ് ബാധിച്ചുള്ള മരണ സംഖ്യ പതിനൊന്നായിരത്തി മുന്നൂറ്റി എഴുപതായി. ഇറ്റലിക്കു പുറമേ ഏറ്റവും കൂടുതല്‍ പേര്‍ രോഗം ബാധിച്ച് മരിച്ചത് സ്പെയ്നിലും ഇറാനിലുമാണ്. സ്പെയിനില്‍ 262 പേരും ഇറാനില്‍ 149 പേരും ഇന്നലെ മാത്രം മരിച്ചു.
യുകെയില്‍ മരണ നിരക്ക് ഉയര്‍ന്നതിനെ തുടര്‍ന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ രാജ്യത്ത് കര്‍ശന നിയന്ത്രണങ്ങള്‍ക്ക് ഉത്തരവിട്ടു. വെള്ളിയാഴ്ച്ച അര്‍ധരാത്രി മുതല്‍ പബ്ബുകളും റസ്റ്റോറന്റുകളും അടച്ചിടാന്‍ അദ്ദേഹം നിര്‍ദേശം നല്‍കി. മെക്സിക്കോ, കാനഡ തുടങ്ങിയ അയല്‍ രാജ്യങ്ങളിലേക്കുള്ള റോഡ് ഗതാഗതങ്ങള്‍ക്ക് യു,എസ് കര്‍ശന നിയന്ത്രണമേര്‍പ്പെടുത്തി.