ന്യൂഡൽഹി : കൊറോണ വൈറസ് പടരുന്ന ചൈനയിലെ വുഹാനിൽ നിന്നുള്ള ഇന്ത്യക്കാരുമായി എയർ ഇന്ത്യയുടെ രണ്ടാം വിമാനം രാവിലെ ഡൽഹിയിൽ എത്തും. ഇന്നലെ 42 മലയാളികൾ അടക്കം 324 പേരെ തിരികെ എത്തിച്ചിരുന്നു. മനേസറിലെ സൈനിക ക്യാമ്പിലും കുടുംബങ്ങളെ ഐടിബിപി ക്യാമ്പിലുമാണ് പാര്‍പ്പിച്ചിരിക്കുന്നത്. ഇന്ന് എത്തുന്ന സംഘത്തെയും ഈ രണ്ടു കേന്ദ്രങ്ങളിലേക്ക് മാറ്റും. 14 ദിവസത്തെ നിരീക്ഷണത്തിന് ശേഷമേ ഇവരെ നാട്ടിലേക്ക് തിരികെ അയക്കൂ.
അതേസമയം കൊറോണയെ തുടർന്ന് ചൈനയിൽ മരണസംഖ്യ മുന്നൂറ് കടന്നു. ചികിത്സയിൽ ഉള്ളവരുടെ എണ്ണം പതിനാലായിരത്തിലേറെയായി. അമേരിക്കയിലും ജർമനിയിലും യുഎഇയിലും പുതിയ കേസുകൾ റിപ്പോർട്ട് ചെയ്തു. ആവശ്യമായ മുൻകരുതൽ സ്വീകരിച്ചിട്ടും ചൈനയിൽ അപകടകരമായ രീതിയിൽ കൊറോണ പടരുകയാണ്. ഇന്നലെ മാത്രം 50ൽ ഏറെ മരണങ്ങളുണ്ടായതാണ് റിപ്പോർട്ട്.
ചികിത്സയിൽ ഉള്ളവരുടെ എണ്ണം പന്ത്രണ്ടായിരത്തിൽ ഏറെയായി. ഇവരിൽ പലരുടേയും നില മോശമായതിനാൽ മരണസംഖ്യ ഇനിയും ഉയരുമെന്നാണ് റിപ്പോർട്ട്. ഇതോടെ ചൈനയിൽ നിന്നുള്ളവർക്ക് കടുത്ത വിലക്കുകളേർപ്പെടുത്തി കൂടുതൽ രാജ്യങ്ങളും രംഗത്തെത്തി. അമേരിക്കക്കും ഓസ്ട്രേലിയക്കും പിന്നാലെ ഇസ്രയേലും റഷ്യയും നിയന്ത്രണങ്ങൾ പ്രഖ്യാപിച്ചു.
ചൈനയിലേക്ക് ഇല്ലെന്ന് വ്യക്തമാക്കി കൂടുതൽ വിമാനക്കമ്പനികളും രംഗത്തെത്തിയിട്ടുണ്ട്. ചൈനയിൽ നിന്നും ഹോങ്കോങിൽ നിന്നുമുള്ള യാത്രക്കാർക്ക് കുവൈറ്റും വിലക്കേർപ്പെടുത്തി. ലോകാരോഗ്യ സംഘടനയുടെ നിർദേശം മറികടന്നാണ് രാജ്യങ്ങൾ കടുത്ത നിയന്ത്രണങ്ങളുമായി രംഗത്തുവരുന്നത്. ചൈനയുമായുള്ള അതിർത്തി അടയ്ക്കണണെന്നാവശ്യപ്പെട്ട് ഹോങ്കോങിലെ ഡോക്ടർമാരിൽ നല്ലൊരു വിഭാഗവും രംഗത്തെത്തിയിട്ടുണ്ട്. അതിർത്തികൾ അടയ്ക്കാതെ സ്കാനർ സ്ഥാപിക്കുന്നതുൾപ്പെടെയുള്ള പ്രതിരോധ നടപടികൾ സ്വീകരിക്കാൻ ലോകാരോഗ്യ സംഘടന വീണ്ടും നിർദേശിച്ചു. ഇതിനിടെ അമേരിക്കയിലും ജർമനിയിലും യുഎഇയിലും പുതിയ കൊറോണ കേസ് റിപ്പോർട്ട് ചെയ്തു.