കാസർകോട് : കൊറോണ സ്ഥിരീകരിച്ച് കാസര്‍കോട് ചികിത്സയിലായിരുന്ന വിദ്യാര്‍ത്ഥിയുടെ തുടര്‍ പരിശോധന ഫലവും നെഗറ്റീവ്. ആരോഗ്യനില മെച്ചപ്പെട്ടതിനാല്‍ വിദ്യാര്‍ത്ഥിയെ ഡിസ്ചാര്‍ജ് ചെയ്യാന്‍ തീരുമാനിച്ചതായി ആരോഗ്യവകുപ്പ് അറിയിച്ചു. 2210 പേരാണ് സംസ്ഥാനത്ത് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്.
വുഹാനില്‍ നിന്ന് തിരിച്ചെത്തിയ വിദ്യാര്‍ത്ഥിയാണ് കൊറോണ സ്ഥിരീകരിച്ച് കാസര്‍കോട് കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയില്‍ ചികിത്സയിലുണ്ടായിരുന്നത്. തുടര്‍ പരിശോധനയുടെ ഫലം നെഗറ്റീവായതോടെ വിദ്യാര്‍ത്ഥിയെ ഡിസ്ചാര്‍ജ് ചെയ്യാനാണ് ആരോഗ്യവകുപ്പിന്റെ തീരുമാനം. ഡിസ്ചാര്‍ജ് ചെയ്താലും വീട്ടില്‍ നിരീക്ഷണം തുടരും. കൊറോണ സ്ഥിരീകരിച്ചവരില്‍ തൃശൂരില്‍ ചികിത്സയിലുള്ള വിദ്യാര്‍ത്ഥിയെ മാത്രമാണ് ഇനി ഡിസ്ചാര്‍ജ് ചെയ്യാനുള്ളത്.
2210 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇതില്‍ 16 പേര്‍ ആശുപത്രിയിലും 2194 പേര്‍ വീടുകളിലുമാണ്. സംശയാസ്പദമായവരുടെ 415 സാമ്പിളുകള്‍ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ഇതില്‍ 396 സാമ്പിളുകളുടെ പരിശോധനാ ഫലം നെഗറ്റിവ് ആണ്. ബാക്കിയുള്ളവരുടെ ഫലം വരാനുണ്ട്. കൊറോണ ഭീതി ഒഴിഞ്ഞെങ്കിലും ജാഗ്രത തുടരണമെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു. രോഗബാധിത പ്രദേശങ്ങളില്‍ നിന്നും മടങ്ങിയെത്തിയവര്‍ വീടുകളില്‍ തന്നെ തുടരണമെന്നും പൊതുഇടങ്ങള്‍ സന്ദര്‍ശിക്കുന്നത് ഒഴിവാക്കണമെന്നുമാണ് നിര്‍ദേശം.