ബെയ്‌ജിങ്ങ്: ചൈനയുടെ കിഴക്കന്‍ നഗരമായ കിങ്‌ദാവോയില്‍ സംഭരിച്ച് വെച്ച മത്സ്യ പാക്കേജുകളില്‍ കൊറോണ വൈറസ് സാന്നിധ്യം കണ്ടെത്തി. മത്സ്യവിപണന കേന്ദ്രത്തില്‍ ശീതീകരിച്ച് സൂക്ഷിച്ചിരുന്ന മത്സ്യ പാക്കേജുകളിലാണ് വൈറസ് സാന്നിധ്യം കണ്ടെത്തിയത്. വിപണന കേന്ദ്രത്തിലെ രണ്ട് ജീവനക്കാര്‍ക്ക് കോവിഡ് സ്ഥിരീകരിച്ച സാഹചര്യത്തില്‍ ആരോഗ്യ വിഭാഗം അധികൃതര്‍ നടത്തിയ പരിശോധനയിലാണ് രണ്ട് പാക്കേജുകളില്‍ കൊറോണ വൈറസ് സാന്നിധ്യം കണ്ടെത്തിയത്.
മത്സ്യവിപണന കേന്ദ്രത്തിലെ ജീവനക്കാര്‍ക്കായി നടത്തുന്ന പതിവ് പരിശോധനയ്ക്കിടെ വ്യാഴാഴ്ച രണ്ട് പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചിരുന്നു. വിപണന കേന്ദ്രത്തിലെ 149 ജീവനക്കാരില്‍ ഇവരൊഴിച്ചു മറ്റാര്‍ക്കും രോഗം ബാധിച്ചിട്ടില്ലെന്ന് ക്വിങ്‌ദാവോ മുനിസിപ്പല്‍ ഹെല്‍ത്ത് കമ്മീഷന്‍ പ്രസ്താവനയില്‍ പറഞ്ഞു. മത്സ്യ പാക്കേജുകളൊന്നും തന്നെ വിപണിയിലെത്തിയില്ലെന്നും കമ്മീഷന്‍ പറഞ്ഞു.
ബീജിംഗിലെ ഒരു മാര്‍ക്കറ്റിന്റെ ഇറച്ചി, സമുദ്രവിഭവ വിഭാഗങ്ങളില്‍ ഇത്തരത്തില്‍ വൈറസിന്റെ കനത്ത സാന്നിധ്യം ജൂണ്‍ മാസത്തില്‍ കണ്ടെത്തിയിരുന്നു.