കൊച്ചി: കൊവിഡ്-19 ഭീതി പടരുന്നതിനിടെ സംസ്ഥാനത്ത് സ്വകാര്യബസ് വ്യവസായം വന്‍ പ്രതിസന്ധിയിലേക്ക്. പകുതിയോളം സ്വകാര്യബസുകള്‍ ഭാഗികമായോ പൂര്‍ണമായോ സര്‍വിസ് നിര്‍ത്തിവെച്ചു. ചില ബസുകള്‍ സര്‍വിസ് ഒന്നിടവിട്ട ദിവസങ്ങളിലായി വെട്ടിച്ചുരുക്കി. കൊവിഡ്-19 ജാഗ്രതയുടെയും മുന്‍കരുതലുകളുടെയും ഭാഗമായി ആളുകള്‍ പുറത്തിറങ്ങുന്നത് പരമാവധി കുറഞ്ഞതോടെ യാത്രക്കാരുടെ എണ്ണത്തിലുണ്ടായ ഗണ്യമായ ഇടിവാണ് കെ.എസ്.ആര്.ടി.സിക്ക് എന്നതുപോലെ സ്വകാര്യബസുകള്‍ക്കും തിരിച്ചടിയായത്. 12000 ത്തോളം സ്വകാര്യബസുകളാണ് സംസ്ഥാനത്ത് സര്‍വിസ് നടത്തുന്നത്. ഇവയില്‍ ആറായിരത്തോളം ബസുകള്‍ പൂര്‍ണമായോ ഭാഗികമായോ നിലവില്‍ സര്‍വിസ് നിര്‍ത്തിവെച്ചിരിക്കുകയാണ്.
ബാക്കിയുള്ളവ തന്നെ നഷ്ടം സഹിച്ചാണ് ഓടുന്നതെന്നും പല ബസിലും യാത്രക്കാര്‍ വിരലിലെണ്ണാവുന്നവര്‍ മാത്രമാണെന്നും ബസുടമ സംഘടനയുടെ പ്രതിനിധികള്‍ പറയുന്നു. 280 രൂപ മുടക്കി നാല് ലിറ്റര്‍ ഡീസല്‍ നിറച്ച് 10 കി.മീ. ഓടിയാല്‍ കിട്ടുന്നത് 100 രൂപയില്‍ താഴെ. ജീവനക്കാരുടെ ശബളം നികുതി, ഇന്‍ഷുറന്‍സ് ബാധ്യതകള്‍ പുറമെ. നേരത്തേ ദിവസേന ശരാശരി 8000 രൂപ വരുമാനമുണ്ടായിരുന്ന ബസുകള്‍ക്ക് ഇപ്പോഴത് 5000 ത്തില്‍ താഴെയായി. പ്രതിസന്ധി പരിഹരിക്കാനും പൊതുഗതാഗത സംവിധാനം നിലനിര്‍ത്താനും സര്‍ക്കാരിന്റെ അടിയന്തര ഇടപെടല്‍ വേണമെന്നാണ് ബസുടമകളുടെ ആവശ്യം. ജനുവരി ഒന്നുമുതല്‍ ജൂണ്‍ 30 വരെയുള്ള നികുതി ഒഴിവാക്കണമെന്നും വായ്പ തിരിച്ചടവുകള്‍ക്ക് ആറുമാസത്തെ പലിശരഹിത മൊറട്ടോറിയം പ്രഖ്യാപിക്കണമെന്നും ഇവര്‍ ആവശ്യപ്പെടുന്നു. സര്‍വിസുകള്‍ പ്രതിസന്ധിയിലായതോടെ ആയിരക്കണക്കിന് ജീവനക്കാരുടെ ഉപജീവനമാര്‍ഗവും അടഞ്ഞു.