കുമ്പഴ : പത്തനംതിട്ട നഗരസഭ 16-ാം വാർഡിൽ കൗൺസിലറുടെ കൈതാങ്ങ് പദ്ധതി പ്രകാരം വിദ്യാർത്ഥി സംഗമവും പഠനോപകരണ വിതരണവും നടത്തി. നഗരസഭ ചെയർമാൻ അഡ്വ. ടി സക്കീർ ഹുസൈൻ ഉദ്ഘാടനം ചെയ്തു. മികച്ച വിദ്യാഭ്യാസം നൽകാനും ജീവിതം ഭദ്രമാക്കാനും കുടുംബം ശ്രദ്ധിക്കുന്നു. സമൂഹത്തിൽ നല്ല മനുഷ്യരെ സൃഷ്ടിക്കുന്നതാണ് വിദ്യാഭ്യാസം. രാഷ്ട്ര നിർമ്മാണത്തിൽ പങ്കാളികളാകാൻ പുതുതലമുറയെ പ്രാപ്തമാക്കുന്ന തരത്തിൽ വിദ്യാഭ്യാസം മതനിരപേക്ഷവും ജനാധിപത്യപരവും ആകണം. വിജയം വരിച്ച മുഴുവൻ വിദ്യാർത്ഥികൾക്കും മാർക്കിന്റെ അടിസ്ഥാനത്തിലല്ലാതെ ആദരവ് നൽകുന്ന പതിനാറാം വാർഡിലെ വിദ്യാർത്ഥി സംഗമം സമൂഹത്തിന് മാതൃകയാണ് എന്നും അദ്ദേഹം പറഞ്ഞു.
വാർഡ് കൗൺസിലറും ആരോഗ്യകാര്യ സ്ഥിരം സമിതി അധ്യക്ഷനുമായ ജറി അലക്സ് അദ്ധ്യക്ഷത വഹിച്ചു. പൊതുമരാമത്ത് സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ ഇന്ദിരാമണിയമ്മ, വിദ്യാഭ്യാസ – കലാകായിക സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ഷമീർ.എസ്, നഗരസഭ മുൻ വൈസ് ചെയർമാൻ പികെ. ജേക്കബ് എന്നിവർ ആശംസകൾ അർപ്പിച്ചു. റാന്നി ജോയിൻ്റ് ആർ ടി ഒ ബി അജികുമാർ വിദ്യാർത്ഥികൾക്ക് ക്ലാസ്സെടുത്തു. സിഡിഎസ് അംഗം സന്ധ്യ ബിജു സ്വാഗതവും
എ ഡി എസ് പ്രസിഡൻ്റ് ഉഷാ ചന്ദ്രൻ നന്ദിയും പറഞ്ഞു. ചടങ്ങിൽ ഉന്നത വിജയം കൈവരിച്ച എസ്എസ്എൽസി പ്ലസ് ടു വിദ്യാർത്ഥികളെ മൊമെന്റോ നൽകി ആദരിച്ചു. എൽകെജി മുതൽ പ്ലസ് ടു വരെയുള്ള 200 വിദ്യാർത്ഥികൾക്ക് പഠനോപകരണ വിതരണവും നടത്തി.