മുംബൈ : കൊവിഡ് ചികിത്സയ്ക്കുള്ളതെന്ന പേരിൽ വ്യാജമരുന്ന് നിർമ്മിച്ചയാളെ മുംബൈ പോലീസ് പിടികൂടി. ഉത്തർപ്രദേശിലെ മീററ്റിലെ ഒരു സ്വകാര്യ ലാബിൽ വെച്ചാണ് മരുന്ന് നിർമ്മാണം പുരോഗമിച്ചിരുന്നത്. സന്ദീപ് മിശ്ര എന്നാണ് പ്രതിയുടെ പേരെന്ന് മുംബൈ പോലീസ് വെളിപ്പെടുത്തി. എത്രകാലമായി മിശ്ര അനധികൃതമായി മരുന്ന് നിർമ്മിക്കുന്നുവെന്ന് പോലീസ് അന്വേഷിച്ച് വരികയാണ്.
മുംബൈയിലെ മൂന്ന് മരുന്ന് വിതരണ കമ്പനികളിൽ മഹാരാഷ്ട്രാ ഫുഡ് ആന്റ് ഡ്രഗ്സ് അഡ്മിനിസ്ട്രേഷൻ പരിശോധന നടത്തിയതിൽ നിന്നാണ് അനധികൃത മരുന്നിന്റെ നിർമ്മാണം നടക്കുന്നതായി വിവരം ലഭിച്ചത്. തുടർന്ന് സംഭവത്തിൽ പരാതി സമർപ്പിക്കുകയും മുംബൈ പോലീസ് അന്വേഷണം ആരംഭിക്കുകയുമായിരുന്നു.
ഹിമാചലിൽ നിന്നുള്ള മാക്സ് റിലീഫ് ഹെൽത്ത് കെയർ എന്ന കമ്പനിയുടെ മരുന്നുകളാണ് പരിശോധനയിൽ സംശയാസ്പദമായി കണ്ടെത്തിയത്. അന്വേഷണത്തിൽ അത്തരത്തിലൊരു കമ്പനി ഇല്ലെന്ന് വ്യക്തമായി. മാക്സ് റിലീഫ് ഹെൽത്ത് കെയറിന്റെ ഉടമ സുദീപ് മുഖർജി പിന്നീട് അറസ്റ്റിലായി. പിന്നീട് നടന്ന അന്വേഷണത്തിലാണ് മിശ്രയാണ് മരുന്ന് നിർമ്മിക്കുന്നതെന്നും മറ്റൊരു പ്രതിയാണ് പാക്കേജിംഗ് എന്നും മുഖർജി ഈ മരുന്ന് വിൽക്കുകയാണെന്നും വ്യക്തമായതെന്ന് പോലീസ് അറിയിച്ചു.