പത്തനംതിട്ട : എക്‌സൈസ് ജില്ലാതല വ്യാജമദ്യ നിയന്ത്രണ ജനകീയസമിതി യോഗം കലക്ടറേറ്റില്‍ എഡിഎം ബി. ജ്യോതിയുടെ അധ്യക്ഷതയില്‍ ചേര്‍ന്നു. ക്രിസ്മസ് – പുതവത്സരത്തോടനുബന്ധിച്ച് എക്‌സൈസ് വകുപ്പിന്റെയും വിമുക്തി മിഷന്റേയും നേതൃത്വത്തില്‍ പരിശോധനകള്‍ ശക്തമാക്കാന്‍ തീരുമാനിച്ചു. എക്‌സൈസ്, പോലീസ് വകുപ്പുകള്‍ സംയുക്ത പരിശോധനകള്‍ നടത്തും. വില്ലേജ്, വാര്‍ഡ് തലങ്ങളില്‍ ബോധവത്കരണപ്രവര്‍ത്തനങ്ങള്‍ നടത്തും. വിദ്യാഭ്യാസവകുപ്പുമായി ചേര്‍ന്ന് കുട്ടികള്‍ക്കായി ബോധവത്കരണ ക്ലാസുകള്‍ സംഘടിപ്പിക്കും. നഗരത്തിലെ തിരക്കേറിയ സ്ഥലങ്ങളിലെ കടകള്‍ ക്രേന്ദീകരിച്ച് മിന്നല്‍ പരിശോധനകള്‍ സംഘടിപ്പിക്കാനും തീരുമാനമായി.
യോഗത്തില്‍ ഡെപ്യൂട്ടി എക്‌സൈസ് കമ്മീഷണര്‍ വി. റോബര്‍ട്ട്, ഡെപ്യൂട്ടി കലക്ടര്‍ മിനി തോമസ്, വിദ്യാഭ്യാസ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ ബി.ആര്‍. അനില, എക്‌സൈസ് വകുപ്പ് ഇന്‍സ്പക്ടര്‍മാര്‍, പോലീസ് നാര്‍കോട്ടിക് സെല്‍ എസ്.ഐ എ. സെയ്‌നുദ്ദീന്‍, കോന്നി റേയ്ഞ്ച് ഫോറസ്റ്റ് ഓഫീസര്‍ റ്റി. അജികുമാര്‍, കുടുംബശ്രീ ജില്ലാ മിഷന്‍ പ്രോഗാം മാനേജര്‍ ചിഞ്ചു വി. ചെല്ലം, പോലീസ്, ഫോറസ്റ്റ്, വിദ്യാഭ്യാസം, ബിവറേജസ് കോര്‍പ്പറേഷന്‍ തുടങ്ങിയവ വകുപ്പുകളിലെ പ്രതിനിധികള്‍, സമിതി അംഗങ്ങളായ സോമന്‍ പാമ്പായിക്കോട്, രാജന്‍ പടിയറ, നൗഷാദ് കണ്ണങ്കര, വാളകം ജോണ്‍, ജയചന്ദ്രന്‍ ഉണ്ണിത്താന്‍, പി. ബി. എബ്രഹാം, മുഹമ്മദ് സാലി, അബ്ദുല്‍ കലാം ആസാദ്, ബേബി കുട്ടി ഡാനിയേല്‍, രാജമ്മ സദാനന്ദന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.