ന്യൂഡല്‍ഹി: ഭീകര സംഘടനയായ ഇസ്‌ലാമിക് സ്റ്റേറ്റുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്ന കശ്മീരില്‍ നിന്നുള്ള ദമ്പതികളെ ഡല്‍ഹിയില്‍ പിടികൂടി. ജഹാന്‍ സെയ്ബ് സാമി, ഭാര്യ ഹിന്ദ ബഷീര്‍ ബെയ്ഗ് എന്നിവരാണ് പിടിയിലായത്. അഫ്ഗാനിസ്താനിലെ ഖോറോസന്‍ പ്രവിശ്യയില്‍ പ്രവര്‍ത്തിക്കുന്ന ഐ.എസ് വിഭാഗവുമായി ബന്ധമുള്ളവരാണ് ഇവരെന്ന് സംശയിക്കുന്നു. ഡല്‍ഹി പോലീസിന്റെ പ്രത്യേക സെല്ലാണ് ഓഖ്‌ലയില്‍നിന്ന് ഇവരെ പിടികൂടിയത്.
ഇവരുടെ അറസ്റ്റ് ഇതുവരെ രേഖപ്പെടുത്തിയിട്ടില്ല. രണ്ടുപേരെയും വിശദമായി ചോദ്യം ചെയ്തു വരികയാണ്. സംശയകരമായ രേഖകള്‍ പോലീസ് ഇവരില്‍നിന്ന് പിടിച്ചെടുത്തിട്ടുണ്ടെന്നാണ് പുറത്തുവരുന്ന വിവരം. പൗരത്വ നിയമ ഭേദഗതിക്കും ദേശീയ പൗരത്വ രജിസ്റ്ററിനുമെതിരായ പ്രക്ഷോഭത്തില്‍ കൂടുതല്‍പേരെ അണിനിരത്താന്‍ ലക്ഷ്യമിട്ട് ഇവര്‍ സമൂഹമാധ്യമ അക്കൗണ്ടുകള്‍ ഉപയോഗിക്കുന്നതായി പ്രാഥമിക അന്വേഷണത്തില്‍ വെളിപ്പെട്ടതായി പോലീസ് ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് മാധ്യമങ്ങള്‍ റിപ്പോര്‍ട്ടുചെയ്തു. കശ്മീരില്‍ നിന്നുള്ള ദമ്പതികള്‍ കഴിഞ്ഞ വര്‍ഷം ഓഗസ്റ്റ് മുതല്‍ ഡല്‍ഹിയിലെ ജാമിയ നഗര്‍ പ്രദേശത്താണ് താമസിച്ചുവരുന്നത്. ഐഎസ് ഭീകരരുമായി ഇവര്‍ ബന്ധം പുലര്‍ത്തിയിരുന്നുവെന്നും ഭീകരാക്രമണങ്ങള്‍ നടത്താന്‍ യുവാക്കളെ പ്രേരിപ്പിക്കാനുള്ള ശ്രമങ്ങള്‍ നടത്തിയിരുന്നുവെന്നും പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്.