പത്തനംതിട്ട : ശബരിമല കേസിലെ പ്രതികളായിരുന്ന യു.ഡി.എഫ് നേതാക്കന്മാരെ റാന്നി ഗ്രാമന്യായാലയ കോടതി കുറ്റവിമുക്തരാക്കി ഉത്തരവിട്ടു. 2018 നവംബർ മാസം 29-ാം തീയതി ഉച്ചയ്ക്ക് 1.30 മണിയോടുകൂടി പമ്പയിലെത്തി അയ്യപ്പ ഭക്തർക്ക് നേരിടുന്ന ബുദ്ധിമുട്ടുകൾ മനസിലാക്കുന്നതിനും തീർത്ഥാടകർക്ക് ഐക്യദാർഡ്യം പ്രഖ്യാപിക്കുന്നതിനും എത്തിയ യു.ഡി.എഫ് നേതൃസംഘത്തിനെതിരെയാണ് പമ്പാ പോലീസ് കേസെടുത്തത്. 2018 ആഗസ്റ്റ് മാസത്തിലുണ്ടായ പ്രളയത്തിൽ പമ്പയിലും പരിസരപ്രദേശങ്ങളിലും ടൺകണക്കിന് ഡാമിലെ മണ്ണും എക്കലും അടിഞ്ഞുകൂടിയതു നീക്കാതെയും ഭക്തർക്ക് ശബരിമല ദർശനത്തിനുള്ള അടിസ്‌ഥാന സൗകര്യങ്ങൾ പോലും ഒരുക്കാതെയുളള സർക്കാരിൻ്റെ നടപടികൾ നേരിട്ടു മനസിലാക്കുന്നതിനും ദർശനത്തിന് എത്തുന്ന അയ്യപ്പ ഭക്തന്മാർക്ക് ഐക്യദാർഡ്യം പ്രഖ്യാപിക്കുന്നതിനുമായി അന്തരിച്ച മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി, മുൻ ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല, എം. കെ. മുനീർ,എം.പി മാരായ ആൻ്റോ ആൻ്റണി എം.കെ.പ്രേമചന്ദ്രൻ, അടൂർ പ്രകാശ്, ബെന്നി ബഹനാൻ, പി.ജെ. ജോസഫ് എം.എൽ.എ, മുൻ എം.എൽ.എ മാരായ ജോസഫ് എം. പുതുശേരി, ജോണി നെല്ലൂർ, പഴകുളം മധു. അനീഷ് വരിക്കണ്ണാമല, തോപ്പിൽ ഗോപകുമാർ, വെട്ടൂർ ജ്യോതി പ്രസാദ് ഫോർഫേഡ് ബ്ലോക്ക് ദേശീയ ജനറൽ സെക്രട്ടറി ദേവരാജൻ, അന്നപൂർണ്ണാദേവി, ലതികാ സുഭാഷ് എന്നിവർ പമ്പയിലെത്തിയത്.
പമ്പയിലെത്തിയ യു.ഡി.എഫ് നേതാക്കന്മാർ നിയമവിരുദ്ധമായി സംഘടിച്ച് നിലവിലെ നിരോധനാജ്ഞ ലംഘിച്ച് സ്ഥലത്ത് കുത്തിയിരുന്ന് മുദ്യാവാക്യം വിളിച്ച് അയ്യപ്പഭക്തന്മാർക്ക് സഞ്ചരിക്കുന്നതിന് തടസം സൃഷ്‌ടിച്ചു എന്ന് ആരോപിച്ചാണ് ഇന്ത്യൻ ശിക്ഷാനിയമം 143,147,188, 288, 149 എന്നീ വകുപ്പുകൾ പ്രകാരം പമ്പാ പോലീസ് കേസ് രജിസ്റ്റർ ചെയ്‌ത് റാന്നി ഗ്രാമന്യായാലയ കോടതിയിൽ യു.ഡി. എഫ് നേതാക്കന്മാർക്കെതിരെ കുറ്റപത്രം സമർപ്പിച്ചത്. ഈ കേസിൽ ഉൾപ്പെട്ട എല്ലാ യു.ഡി.എഫ് നേതാക്കന്മാരും കോടതിയിൽ ഹാജരായി ജാമ്യം എടുക്കുകയും ചെയ്‌തു. കേസിൻ്റെ വിചാരണ മദ്ധ്യേ ഉമ്മൻചാണ്ടി അന്തരിച്ചു.
അദ്ദേഹത്തിന്റെ നിര്യാണത്തെ തുടർന്ന് അഭിഭാഷകനായ ഏബ്രഹാം മാത്യു പനച്ചമൂട്ടിൽ സമർപ്പിച്ച അപേക്ഷ പരിഗണിച്ച് കോടതി മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിക്കെതിരെയുള്ള കോടതി നടപടികൾ അവസാനിപ്പിച്ചു. തുടർന്ന് പ്രതിഭാഗം അഭിഭാഷകൻ ഏബ്രഹാം മാത്യു പനച്ചമൂട്ടിൽ അന്തരിച്ച മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെയും മുൻ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയുടെയും നേതൃത്വത്തിൽ 2018 ലെ തീർത്ഥാടനകാലത്ത് ശബരിമല തീർത്ഥാടകർക്കും സന്നിധാനത്തെ വിശ്വാസ ആചാരങ്ങൾക്കും കീഴ്വഴക്കങ്ങളും ലംഘനം നടത്തി ശബരിമലയുടെ പവിത്രതയെ കളങ്കപ്പെടുത്തുവാൻ ചില കേന്ദ്രങ്ങൾ നടത്തി വരുന്ന നടപടികളെ കുറിച്ച് അന്വേഷിക്കുന്നതിന് യു.ഡി.എഫ് നേതൃസംഘം പമ്പയിൽ എത്തിയതാണെന്നും ആ ദിവസങ്ങളിൽ അവിടെ എത്തിയ അയ്യപ്പ ഭക്തന്മാരുടെ സന്നിധാനത്തിലേക്കുള്ള യാത്രയ്ക്ക് യാതൊരു തടസ്സങ്ങളും ചെയ്‌തിട്ടില്ലായെന്നും പോലീസ് കോടതിയിൽ നൽകിയ കുറ്റപത്രത്തിൽ യു.ഡി.എഫ് നേതാക്കന്മാർക്കെതിരെ പ്രഥമദൃഷ്‌ട്യാ പോലും നിലനിൽക്കുന്ന യാതൊരു കുറ്റാരോപണവും ഉന്നയിച്ചിട്ടില്ലാത്തതിനാൽ പ്രതികൾക്കെതിരെയുള്ള കോടതി നടപടികൾ നിർത്തി വെച്ച് അവരെ കുറ്റവിമുക്തരാക്കണമെന്നു കാണിച്ച് ഹർജി ബോധിപ്പിച്ചു.
സർക്കാരിൻ്റെയും പ്രതിഭാഗത്തിൻ്റെയും വാദങ്ങൾ കേട്ടശേഷം പമ്പാ പോലീസ് യു.ഡി.എഫ് നേതാക്കന്മാർക്കെതിരെ കോടതിയിൽ സമർപ്പിച്ച കുറ്റപത്രത്തിൽ പറഞ്ഞിരിക്കുന്ന കുറ്റാരോപണം നിലനിൽക്കുന്നതല്ലെന്നും പ്രതികൾ അയ്യപ്പഭക്തന്മാർക്ക് തീർത്ഥാടനത്തിന് ഏതെങ്കിലും വിധത്തിൽ തടസ്സമുണ്ടാക്കിയതായി ഒരു വ്യക്തിപോലും പോലീസിനോട് പരാതിപ്പെടുകയോ അവരുടെ മുമ്പാകെ മൊഴി നൽകുകയോ ചെയ്‌തിട്ടില്ലെന്ന് കോടതി വ്യക്തമാക്കി. പോലീസ് കേസിൽ സാക്ഷികളാക്കിയ സാക്ഷികളുടെ മൊഴികളുടെ രേഖകൾ കോടതിയിൽ സമർപ്പിച്ചിട്ടില്ല. ഈ കാരണങ്ങളാൽ പ്രതികൾക്കെതിരെയുളള വിചാരണ തുടർന്നാൽ അതുകൊണ്ട് യാതൊരു ഫലവുമില്ലെന്ന് കോടതി കണ്ടെത്തി. അഭിഭാഷകൻ ഏബ്രഹാം മാത്യു പനച്ചമൂട്ടിൽ നൽകിയ വിടുതൽ ഹർജി കോടതി അനുവദിച്ച് കൊണ്ട് റാന്നി ഗ്രാമന്യായാധികാരി ലക്ഷ്‌മി. കെ. തമ്പി പ്രതികളെ കേസിൽ നിന്നും കുറ്റവിമുക്തരാക്കി കേസിൻ്റെ എല്ലാ നടപടികളും അവസാനിപ്പിച്ച് ഉത്തരവായി.