കൊച്ചി: തിരുവനന്തപുരം വിമാനത്താവളം വഴി ഡിപ്ലോമാറ്റിക് ബാഗിലൂടെ സ്വര്‍ണം കടത്തിയെന്ന സംഭവത്തില്‍ കേസ് ഡയറി ഹാജരാക്കാന്‍ എന്‍ ഐ എക്ക് കോടതിയുടെ നിര്‍ദ്ദേശം. കേസില്‍ എന്‍ ഐ എ അറസ്റ്റു ചെയ്ത പ്രതി സ്വപ്‌ന സുരേഷന്റെ ജാമ്യഹർജി പരിഗണിക്കവെയാണ് കേസ് ഡയറി ഹാജരാക്കാന്‍ കോടതി എന്‍ഐഎയ്ക്ക് നിര്‍ദ്ദേശം നല്‍കിയത്. കേസില്‍ തനിക്കെതിരെ ചുമത്തിയിരിക്കുന്ന യുഎപിഎ വകുപ്പുകള്‍ നിലനില്‍ക്കില്ലെന്നാണ് സ്വപ്‌ന സുരേഷ് ഹർജിയില്‍ ഉന്നയിച്ചിരിക്കുന്നത്.
കേസിന് തീവ്രവാദബന്ധമില്ല. അത്തരത്തിലുള്ള യാതൊരുവിധ തെളിവുകളും എന്‍ഐ എയ്ക്ക് ലഭിച്ചിട്ടില്ലെന്നും തിടുക്കപ്പെട്ട് യുഎപിഎ വകുപ്പുകള്‍ ചുമത്തി എന്‍ഐഎ രജിസ്റ്റര്‍ ചെയ്തിരിക്കുന്ന കേസാണിതെന്നുമാണ് പ്രതിഭാഗത്തിന്റെ വാദം. എന്നാല്‍ ആവശ്യമായ തെളിവകളുന്നും ഇതിന്റെ അടിസ്ഥാനത്തിലാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നതെന്നുമാണ് എന്‍ഐഎ അഭിഭാഷകന്‍ കോടതിയെ അറിയിച്ചത്. തുടര്‍ന്നാണ് കേസ് ഡയറി ഹാജരാക്കാന്‍ കോടതി എന്‍ ഐ എക്ക് നിര്‍ദ്ദേശം നല്‍കിയത്. അടുത്ത മാസം നാലിന് കേസ് വീണ്ടും കോടതി പരിഗണിക്കും.