തിരുവനന്തപുരം : മുഖ്യമന്ത്രിയുടെ മുന്‍ സെക്രട്ടറിയും ഐടി സെക്രട്ടറിയുമായിരുന്ന എം ശിവശങ്കറിന്റെ തിരുവനന്തപുരത്തെ ഫ്ലാറ്റില്‍ പരിശോധന. സെക്രട്ടറിയേറ്റിന് സമീപത്തെ ഫ്ലാറ്റിലാണ് കസ്റ്റംസ് പരിശോധന നടത്തിയത്. സ്വര്‍ണ്ണക്കടത്ത് കേസുമായി ബന്ധപ്പെട്ടുള്ള രണ്ട് പ്രതികളും ഇവിടെ എത്തി ചര്‍ച്ച നടത്തിയതായി അന്വേഷണസംഘം സംശയിക്കുന്നുണ്ട്. ഇതിന്റെ അടിസ്ഥാനത്തിലാണ് പരിശോധന. ഒരുവര്‍ഷമായി ശിവശങ്കര്‍ തിരുവനന്തപുരത്തെ സെക്രട്ടറിയേറ്റിന് സമീപത്തെ ഫ്ലാറ്റിലാണ് താമസിക്കുന്നത്. അതേസമയം വിവാദങ്ങളില്‍ അന്വേഷണം നടക്കട്ടെയെന്നും കൂടുതല്‍ ഒന്നും പറയാനില്ലെന്നുമായിരുന്നു എം ശിവശങ്കറിന്റെ പ്രതികരണം.
റീബില്‍ഡ് കേരളയുടെ ഓഫീസ് ഈ ഫ്ലാറ്റില്‍ എടുത്തത് സംബന്ധിച്ച് നേരത്തെ വിവാദമുയര്‍ന്നിരുന്നു. സെക്രട്ടറിയേറ്റില്‍ സൗകര്യമുണ്ടായിട്ടും ലക്ഷങ്ങള്‍ വാടക നല്‍കി മറ്റൊരു ഫ്ലാറ്റില്‍ ഓഫീസ് എടുത്തതാണ് വിവാദമായത്. സ്വർണ്ണക്കടത്ത് കേസിൽ മുഖ്യമന്ത്രിയുടെ ഓഫീസിന് നേരെ ആരോപണമുയര്‍ന്നതിന് പിന്നാലെയാണ് സെക്രട്ടറിയും ഐടി സെക്രട്ടറിയുമായ എം ശിവശങ്കറിനെ മുഖ്യമന്ത്രി പുറത്താക്കിയത്.