കൊച്ചി : ഈന്തപ്പഴം ഇറക്കുമതി ചെയ്ത കേസിൽ സർക്കാർ നൽകിയ വിവരാവകാശത്തിന് അന്വേഷണ വിവരങ്ങൾ നൽകാൻ കഴിയില്ലെന്ന് കസ്റ്റംസ്. എല്ലാ വിവരങ്ങളും കൈമാറേണ്ടതില്ലെന്ന് വിവരാവകാശ നിയമത്തിൽ തന്നെ പറയുന്നുണ്ട്. ഈന്തപ്പഴം ഇറക്കുമതി ചെയ്ത കേസിൽ കസ്റ്റംസിനോട് വിവരാവകാശ നിയമ പ്രകാരം സർക്കാർ വിവരങ്ങൾ തേടിയിരുന്നു. അന്വേഷണത്തിന്റെ ഭാഗമായി കസ്റ്റംസ് ആർക്കൊക്കെ സമൻസ് അയച്ചിട്ടുണ്ടെന്നത് ഉൾപ്പെടെ ആറ് ചോദ്യങ്ങളാണ് സർക്കാർ ചോദിച്ചിട്ടുള്ളത്. ചരിത്രത്തിലാദ്യമായിട്ടായിരുന്നു കേന്ദ്ര ഏജൻസിയിൽ നിന്ന് സംസ്ഥാന സർക്കാർ വിവരാവകാശം വഴി വിവരങ്ങൾ തേടിയത്.
2017ൽ വിദേശത്ത് നിന്ന് കേരളത്തിലേക്ക് 17000 കിലോ ഈന്തപ്പഴം ഇറക്കുമതി ചെയ്ത സംഭവവുമായി ബന്ധപ്പെട്ടാണ് കസ്റ്റംസ് കേസെടുത്തിട്ടുള്ളത്. സംസ്ഥാനത്തെ അനാഥാലായങ്ങൾക്ക് ഈന്തപ്പഴം വിതരണം ചെയ്യുന്നതിനായി 2017ലാണ് പദ്ധതി ആരംഭിക്കുന്നത്. 2017 മെയ് 26നാണ് മുഖ്യമന്ത്രി പിണറായി വിജയൻ ഔദ്യോഗികമായി ഉദ്ഘാടനം നിർവ്വഹിച്ചത്. യുഎഇ കോൺസുലേറ്റ് വഴി ഇറക്കുമതി ചെയ്ത ഈന്തപ്പഴം സാമൂഹിക നീതി വകുപ്പിന്റെ നേതൃത്വത്തിൽ എല്ലാ ജില്ലകളിലും പ്രവർത്തിക്കുന്ന അനാഥാലയങ്ങളിൽ വിതരണം ചെയ്യാനായിരുന്നു പരിപാടിയിട്ടിരുന്നത്.
എന്നാൽ കണക്ക് അനുസരിച്ച് 17000 കിലോ ഈന്തപ്പഴം എല്ലാ ജില്ലകളിലേക്കും എത്തിയിട്ടില്ലെന്നാണ് കസ്റ്റംസിന്റെ കണ്ടെത്തൽ. ഇതോടെ എം ശിവശങ്കരനുള്‍പ്പെടെ പൊതുഭരണ വകുപ്പിലെയും സാമൂഹിക നീതി വകുപ്പിലെയും മേധാവികളെ കേസുമായി ബന്ധപ്പെട്ട് കസ്റ്റംസ് ചോദ്യം ചെയ്തുകൊണ്ടിരിക്കുകയാണ്.