ന്യൂഡല്‍ഹി : രാജ്യത്ത് അടിയന്തിര ഉപയോഗത്തിന് അനുമതി നല്‍കിയ കൊവാക്സിന്‍ കൊവിഡിനെതിരെ 81% ഫലപ്രദമെന്ന് ഭാരത് ബയോടെക് വ്യക്തമാക്കി. വാക്സീന്‍ പരീക്ഷണത്തില്‍ സുപ്രധാന നേട്ടം കൈവരിച്ചതായി ഭാരത് ബയോടെക് മാനേജിംഗ് ഡയറക്ടര്‍ ഡോ. കൃഷ്ണ എല്ല പറഞ്ഞു.
ജനിതക മാറ്റം സംഭവിച്ച വൈറസുകളിലും ഫലപ്രദമാണെന്ന് മൂന്നാം ഘട്ട പരീക്ഷണം പൂര്‍ത്തിയായതോടെ തെളിഞ്ഞതായി അധികൃതര്‍ അറിയിച്ചു. മുമ്പ് കോവിഡ് ബാധിക്കാത്ത രണ്ട് ഡോസ് വാക്സീന്‍ സ്വീകരിച്ചവരിലാണ് 81% ശതമാനം ഫലപ്രദമാണെന്ന് കണ്ടെത്തിയത്. വാക്സിന്റെ മൂന്ന് പരീക്ഷണ ഘട്ടങ്ങളും വിജയകരമായി പൂര്‍ത്തിയാക്കി. 27,000 പേരാണ് പരീക്ഷണത്തില്‍ പങ്കെടുത്തത്.
നാഷനല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് വൈറോളജി നടത്തിയ വിശകലനത്തിലും യു.കെയില്‍നിന്നെത്തിയ ജനിതകമാറ്റം സംഭവിച്ച വൈറസുകള്‍ക്കടക്കം വാക്സിന്‍ ഫലപ്രദമാണെന്നു കണ്ടെത്തി. യൂറോപ്യന്‍ രാജ്യങ്ങളടക്കം വാക്സീനില്‍ താല്‍പര്യം പ്രകടിപ്പിച്ചിട്ടുണ്ട്. ഹൈദരാബാദിലെ ഭാരത് ബയോടെക് ഫ്രഞ്ച് അംബാസഡര്‍ സന്ദര്‍ശിച്ചു. 20 ദശലക്ഷം ഡോസ് നല്‍കുന്നതിന് ബ്രസീലുമായി കഴിഞ്ഞ ആഴ്ച കമ്പിനി കരാര്‍ ഒപ്പുവച്ചെന്നും അദ്ദേഹം പറഞ്ഞു.
അടിയന്തിര ഉപയോഗത്തിന് ഇന്ത്യ അനുമതി നല്‍കിയ വാക്സീനുകളില്‍ ഒന്നാണ് കോവാക്സീന്‍. ഓക്സ്ഫഡ് യൂണിവേഴ്സിറ്റിയും അസ്ട്രാസെനകയും ചേര്‍ന്ന് വികസിപ്പിച്ച് പുണെ സീറം ഇന്‍സ്റ്റിറ്റിയൂട്ട് ഉല്‍പാദിപ്പിക്കുന്ന കോവിഷീല്‍ഡ് ആണ് രണ്ടാമത്തേത്. മൂന്നു ഘട്ടമായുള്ള പരീക്ഷണം പൂര്‍ത്തിയാക്കാത്തതിനാല്‍ അടിയന്തര ഘട്ടത്തില്‍ നിയന്ത്രിത ഉപയോഗത്തിനുള്ള അനുമതിയാണ് കൊവാക്സീന് നല്‍കിയിട്ടുള്ളത്. കൊവാക്സിന് അനുമതി നല്‍കിയതിനെതിരെ ഡോക്ടര്‍മാരില്‍ നിന്നുള്‍പ്പെടെ വന്‍ വിമര്‍ശനവും ഉയര്‍ന്നിരുന്നു.