ന്യൂഡല്‍ഹി : സര്‍ക്കാരില്‍ നിന്ന് പുതിയ ഓര്‍ഡര്‍ കിട്ടാത്തതിനാല്‍ കോവിഷീല്‍ഡ് ഉല്‍പാദനം സീറം ഇന്‍സ്റ്റിറ്റ്യൂട്ട് താല്‍ക്കാലികമായി നിര്‍ത്തിവെച്ചു. 5 കോടിയിലേറെ ഡോസ് വാക്സീന്‍ സീറം ഗോഡൗണില്‍ സൂക്ഷിച്ചിരിക്കുകയാണ്. സീറവുമായുള്ള ധാരണയുടെ അടിസ്ഥാനത്തില്‍ 20 ലക്ഷം ഡോസുകള്‍ കഴിഞ്ഞ ആഴ്ച ബ്രസീലിലേക്കു കയറ്റി അയച്ചിരുന്നു. വിദേശകയറ്റുമതിക്ക് തടസ്സമില്ലെങ്കിലും അതിനും വിചാരിച്ച വേഗമില്ലെന്നാണ് സൂചന.
ഓക്സ്ഫഡ് വികസിപ്പിച്ച് സീറം ഉല്‍പാദിപ്പിക്കുന്ന കോവിഡ് വാക്സീന്‍ ആദ്യ ഡോസില്‍ തന്നെ 67% വരെ കോവിഡ് വ്യാപനം തടയുമെന്നാണ് പഠനം തെളിയിച്ചത്. 2 ഡോസ് വീതം നല്‍കേണ്ട വാക്സീന്‍ ഇന്ത്യയില്‍ ആദ്യ ഡോസ് നല്‍കി 28-ാം ദിവസമാണ് നല്‍കുന്നത്. യുകെയില്‍ 6-12 ആഴ്ചയ്ക്കിടയില്‍.
അതേസമയം പിന്നാക്ക രാജ്യങ്ങള്‍ക്കുള്ള കോവാക്സ് പദ്ധതിയിലേക്കു 110 കോടി ഡോസ് കൂടി നല്‍കാന്‍ സീറം ഇന്‍സ്റ്റിറ്റ്യൂട്ട് പുതിയ കരാറൊപ്പിട്ടു. അസ്ട്രാസെനക്കയും നോവവാക്സും വികസിപ്പിച്ച വാക്സീന്‍ ലഭ്യമാക്കാനാണ് ധാരണ.