ന്യൂഡൽഹി : അയോധ്യയിൽ രാമക്ഷേത്ര നിർമാണത്തിനു മുന്നോടിയായുള്ള ശിലാസ്ഥാപന ചടങ്ങിൽനിന്ന് വിട്ടുനിൽക്കുമെന്ന് ബിജെപിയുടെ മുതിർന്ന നേതാവ് ഉമാഭാരതി. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും ചടങ്ങിൽ പങ്കെടുന്ന മറ്റു ബിജെപി നേതാക്കളുടെയും ആരോഗ്യത്തെക്കുറിച്ച് ആശങ്കയുണ്ടെന്നും അതിനാൽ ചടങ്ങിൽ നിന്നു വിട്ടുനിൽക്കാൻ അനുവദിക്കണമെന്നും സംഘാടകരോടും പ്രധാനമന്ത്രിയുടെ ഓഫീസിനോടും താൻ ആവശ്യപ്പെട്ടതായി ഉമാഭാരതി ട്വിറ്ററിൽ അറിയിച്ചു.
ഭോപാലിൽനിന്നു ട്രെയിൻ മാർഗം ഉത്തർപ്രദേശിലേക്കു താൻ പുറപ്പെടുകയാണ്. അയോധ്യയിൽ എത്തുന്നതിനിടെ കോവിഡ് ബാധിതരായ ആരെങ്കിലുമായി സമ്പർക്കത്തിൽ ഏർപ്പെടാനുള്ള സാധ്യത തള്ളിക്കളയാനാകില്ല. സുരക്ഷിത അകലം പാലിക്കുന്നതിന്റെ ഭാഗമായി ശിലാസ്ഥാപന പരിപാടികള്‍ പൂര്‍ത്തിയായതിനുശേഷം മാത്രമേ ക്ഷേത്രം സന്ദര്‍ശിക്കുവെന്നും ഉമാഭാരതി ട്വീറ്റ് ചെയ്തു. മുതിര്‍ന്ന ബിജെപി നേതാവായ ഉമാഭാരതി രാമക്ഷേത്രത്തിനു വേണ്ടി പ്രവര്‍ത്തിച്ച മുന്‍നിര നേതാക്കളില്‍ ഒരാളാണ്.
കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായടക്കമുള്ള പ്രമുഖ നേതാക്കൾ കോവിഡ് ബാധിതരയായത് ആശങ്ക ഉളവാക്കുന്നതാണെന്നും ഉമാഭാരതി പറഞ്ഞു. ഓഗസ്റ്റ് അഞ്ചിനു നടക്കുന്ന ഭൂമിപൂജ ചടങ്ങിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ഉൾപ്പെടെയുള്ള പ്രമുഖ നേതാക്കൾ പങ്കെടുക്കുന്നുണ്ട്. കഴിഞ്ഞ ഏതാനും ദിവസങ്ങളിൽ അമിത് ഷായുമായി സമ്പർക്കം പുലർത്തിയവരോടു സ്വയം ഐസലേഷനിൽ പോകണമെന്നും ആവശ്യമെങ്കിൽ പരിശോധന നടത്താനും ആവശ്യപ്പെട്ടിട്ടുണ്ട്.