മനാമ: ബഹ്‌റിനില്‍ മലയാളി യുവതിക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. സ്വകാര്യ ആശുപത്രിയിലെ ജീവനക്കാരിയെ ഐസോലേഷന്‍ വാര്‍ഡില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. കാസര്‍കോട് സ്വദേശിനിയാണ്. യുവതിയുടെ ആരോഗ്യനില തൃപ്തികരമാണെന്നാണ് റിപ്പോര്‍ട്ടുകള്‍. നേഴ്‌സിന്റെ ഭര്‍ത്താവും കുഞ്ഞും നിരീക്ഷണത്തിലാണ്. ആശുപത്രിയില്‍ നേഴ്‌സുമായി ഇടപെട്ടവരെയും നിരീക്ഷണത്തില്‍ തുടരുമെന്ന് അധികൃതര്‍ പറഞ്ഞു.
സൗദിയില്‍ ഇതുവരെ കോവിഡ് 19 ബാധിച്ചവരുടെ എണ്ണം 45 ആയി ഉയര്‍ന്നു. ഇന്നലെ 24 പേര്‍ക്ക് കൂടി പുതുതായി അണുബാധ സ്ഥിരീകരിച്ചതോടെയാണ് എണ്ണം കൂടിയത്. മക്കയില്‍ നേരത്തെ രോഗം കണ്ടെത്തിയ ഈജിപ്തുകാരനുമായി സമ്പര്‍ക്കം പുലര്‍ത്തിയവരുടെ സാംപിള്‍ പരിശോധനയിലാണ് 21 പേര്‍ക്ക് കൂടി കൊറോണ വൈറസ് ബാധയുണ്ടെന്ന് തിരിച്ചറിഞ്ഞത്. മറ്റു പുതിയ മൂന്ന് കേസുകള്‍ സൗദി കിഴക്കന്‍ പ്രവിശ്യയിലെ ഖതീഫിലാണ്.
സൗദിയില്‍ ഏറ്റവും കൂടുതല്‍ അണുബാധ സ്ഥിരീകരിച്ച ഖതീഫില്‍ നേരത്തെ രോഗം ബാധിച്ച ഒരാളുടെ പേരമകള്‍ 12 കാരി പെണ്‍കുട്ടിയും ഇറാഖില്‍ പോയി മടങ്ങിയ ഒരു സ്ത്രീയും പുരുഷനാണ് ബാക്കി മൂന്നുപേര്‍. ഇതിനിടയില്‍ ഖതീഫില്‍ ആദ്യം രോഗം ബാധിച്ച ഒരാള്‍ക്ക് കോവിഡ് 19 സുഖപ്പെട്ടതായും ആരോഗ്യ മന്ത്രാലയം അറിയിച്ചു.