കണ്ണൂർ : കോവിഡ് വ്യാപനത്തെ തുടർന്ന് പടക്ക നിർമാണശാലകൾ നേരിടുന്നത് വലിയ പ്രതിസന്ധി. നിർമാണ സാമഗ്രികൾ നശിച്ചു തുടങ്ങി. തിരിച്ചുവരവു സ്വപ്നം കാണുകയാണ് പടക്ക നിർമാതാക്കളും തൊഴിലാളികളും. നീലേശ്വരം, പയ്യന്നൂർ, തളിപറമ്പ് എന്നിവിടങ്ങളിലായി മൂന്നു പടക്കനിർമാണ ശാലകളാണ് കണ്ണൂർ, കാസർകോട് ജില്ലകളിലായുള്ളത്. പ്രവർത്തനം നിലച്ചതോടെ നേരിട്ടും പരോക്ഷമായും തൊഴിലെടുത്തിരുന്ന നൂറുകണക്കിനാളുകളുടെ ജീവിതവും വഴിമുട്ടി.
അമിട്ടും ഗുണ്ടും ഓലപ്പടക്കവുമെല്ലാമാണ് ഇവിടെ പ്രധാനമായും നിർമിക്കുന്നത്. മലബാറിലെ ക്ഷേത്രങ്ങളാണു പ്രധാന ആവശ്യക്കാർ. ഉത്സവ ആഘോഷങ്ങൾക്കു വർണ്ണപ്പകിട്ടേകുന്ന കരിമരുന്ന് പ്രയോഗങ്ങളും ഇപ്പോഴില്ല. ശിവകാശിയിൽനിന്നുള്ള പൂക്കുറ്റിയടക്കമുള്ള പടക്കങ്ങൾ ക്ഷേത്രങ്ങൾക്ക് എത്തിച്ചു നൽകുന്നതും ഇവരാണ്.
മാർച്ച്, ഏപ്രിൽ മാസങ്ങളിലെ കളിയാട്ടങ്ങൾക്ക് തയാറാക്കിയ പടക്കങ്ങൾ നിർമാണ ശാലകളിലും വിൽപന കേന്ദ്രങ്ങളിലും വിറ്റു പോയില്ല. കെട്ടുകണക്കിനു പനയോലകളും കരിമരുന്നും നശിക്കാൻ തുടങ്ങി.
അമിട്ട് ഉണ്ടാക്കാൻ മുളങ്കുറ്റികൾക്കു പകരം ഉപയോഗിക്കുന്ന റോളറുകളും കെട്ടിക്കിടക്കുന്നുണ്ട്. വിഷുവും ദീപാവലിയുമെല്ലാം നഷ്ടപ്പെട്ടെങ്കിലും വരാനിരിക്കുന്ന ക്രിസ്മസ് – പുതുവത്സര ആഘോഷങ്ങളിലും തദ്ദേശ സ്ഥാപന തിരഞ്ഞെടുപ്പിലുമാണ് ഇനി ഇവരുടെ നേരിയ പ്രതീക്ഷ.