ദില്ലി : രാജ്യത്തെ കൊവിഡ് സാഹചര്യം വിലയിരുത്താൻ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തിൽ ഇന്ന് ഉന്നതതല യോഗം ചേരും. പതിനൊന്ന് മണിക്കാണ് യോഗം. കൊവിഡ് സാഹചര്യത്തിനും വാക്സീനേഷനും ഒപ്പം സംസ്ഥാനങ്ങളിലെ പ്രകൃതിക്ഷോഭ സാഹചര്യവും പ്രധാനമന്ത്രി വിലയിരുത്തും.
രാജ്യത്ത് ഇന്നും മൂന്ന് ലക്ഷത്തിലേറെ കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടു. 3,26,098 പുതിയ കൊവിഡ് കേസുകളാണ് 24 മണിക്കൂറുകൾക്കിടെ ഉണ്ടായത്. 3,890 പേർ രോഗബാധിതരായി മരിച്ചതായും ഔദ്യോഗിക കണക്കുകൾ വ്യക്തമാക്കുന്നു.
രാജ്യത്തെ വാക്സീൻ വിതരണം സംസ്ഥാനങ്ങളിലെ ആരോഗ്യ മന്ത്രിമാരുമായി കേന്ദ്ര ആരോഗ്യ മന്ത്രി ഡോ.ഹർഷ വർധൻ ചർച്ച ചെയ്യും. സ്പുട്നിക് വാക്സീൻ അടുത്തയാഴ്ച വിതരണത്തിനെത്തുന്നതോടെ വാക്സീൻ ക്ഷാമത്തിന് പരിഹാരമാകുമെന്നാണ് ആരോഗ്യ മന്ത്രാലയത്തിന്റെ പ്രതീക്ഷ. അതേ സമയം കൊവിഡ് വ്യാപനത്തിൽ നേരിയ കുറവുണ്ടെങ്കിലും മരണനിരക്ക് ഉയരുന്നത് ആശങ്കയായി തുടരുകയാണ്. രണ്ടാം തരംഗത്തിന്റെ വെല്ലുവിളി ഏതാനും ആഴ്ചകൾ കൂടി തുടരുമെന്നാണ് വിലയിരുത്തൽ.