വയനാട് : വയനാട്ടിലെ കൂടുതൽ അതിർത്തി ചെക്ക് പോസ്റ്റുകളിൽ കോവിഡ് സ്രവ സാമ്പിൾ ശേഖരിക്കാൻ സൗകര്യം സജ്ജമാക്കും. കോവിഡ് ജാഗ്രതാ സൈറ്റിൽ രജിസ്റ്റർ ചെയ്യാതെ വരുന്നവർക്ക് രജിസ്ട്രേഷനുള്ള സൗകര്യവും അതിർത്തിയൽ ഏർപ്പെടുത്തും.
സംസ്ഥാനത്തേക്ക് പാസ് മുഖേന യാത്രക്കാരെ പ്രവേശിപ്പിച്ചിരുന്ന സമയത്ത് മുത്തങ്ങയിലെ കോവിഡ് ഫെസിലിറ്റേഷൻ സെന്‍ററിൽ പ്രതിദിനം 500 പേർക്കുള്ള സൗകര്യമാണുണ്ടായിരുന്നത്. അന്തർസംസ്ഥാന യാത്രയ്ക്ക് പാസ് വേണ്ടെന്നായതോടെ ദിവസവും രണ്ടായിരത്തോളം പേരാണ് മുത്തങ്ങ ഫെസിലിറ്റേഷൻ സെന്‍ററിലെത്തുന്നത്. ഇതോടെ ജീവനക്കാരുടെ ജോലിഭാരവും കൂടും.
ഇതര സംസ്ഥാനങ്ങളിൽ നിന്ന് കൂടുതൽ പേർ സംസ്ഥാനത്തേക്ക് മടങ്ങി എത്തുന്ന സാഹചര്യത്തിലാണ് ബാവലി ഉൾപ്പെടെ ചരക്ക് നീക്കത്തിനുള്ള ചെക്ക് പോസ്റ്റിലും കോവിഡ് സ്രവ സാമ്പിൾ ശേഖരിക്കുന്നതിന് സൗകര്യം ഏർപ്പെടുത്തുന്നത്. തമിഴ്നാട് അതിർത്തി കടന്നുവരുന്നവരുടെ സാമ്പിളും ശേഖരിക്കും. ചെക്ക് പോസ്റ്റിലെ തിരക്ക് നിയന്ത്രിക്കുന്നതിന് ഓൺലൈൻ രജിസ്ട്രേഷൻ ചെയ്ത് വരണമെന്ന് ആവർത്തിക്കുമ്പോഴും നിരവധി പേർ രജിസ്ട്രേഷൻ ഇല്ലാതെയാണ് വരുന്നത്. ഇവർക്കായി തകരപ്പാടിയിൽ അക്ഷയ സെന്‍റർ ഒരുക്കാൻ തീരുമാനിച്ചിട്ടുണ്ട്. അതിർത്തികളിൽ തിരക്ക് കൂടിയതോടെ ജില്ലാ കലക്ടറുടെ നേതൃത്വത്തിൽ മുത്തങ്ങയിൽ വിവിധ വകുപ്പുകളുടെ അവലോകനയോഗം ചേർന്ന് സാഹചര്യം വിലയിരുത്തി.