ഡല്‍ഹി : കൊറോണ വൈറസ് വ്യാപനം തടയുന്നതിന്റെ ഭാഗമായി കടുത്ത നടപടിയുമായി കേന്ദ്രസര്‍ക്കാര്‍. സര്‍ക്കാര്‍ സ്ഥാപനങ്ങളിലെ ഉദ്യോഗസ്ഥരില്‍ 50 പേരും വീട്ടില്‍ ഇരുന്നു ജോലി ചെയ്താല്‍ മതിയെന്ന് പേഴ്സണല്‍ മന്ത്രാലയം നിര്‍ദേശിച്ചു. പൊതുഗതാഗതം ഉപയോഗിക്കുന്നവരും ജനങ്ങളോട് കൂടുതല്‍ ഇടപെടേണ്ടി വരുന്നതുമായ ജീവനക്കാരോടാണ് വീട്ടിലിരുന്ന് ജോലി ചെയ്യാന്‍ നിര്‍ദേശിച്ചിരിക്കുന്നത്.
ഗ്രൂപ്പ് ബി, സി ജീവനക്കാരില്‍ അമ്പതു ശതമാനം പേര് മാത്രം ഇനി ഓഫീസുകളില്‍ ജോലിക്ക് ഹാജരായാല്‍ മതി. ബാക്കിയുള്ള അമ്പതു ശതമാനം പേരും നിര്‍ബന്ധമായും വീട്ടിലിരുന്ന് ജോലി ചെയ്യണമെന്ന നിര്‍ദേശമാണ് പേഴ്സണല്‍ മന്ത്രാലയം നല്‍കിയിരിക്കുന്നത്. ജീവനക്കാരുടെ സമയക്രമത്തില്‍ മാറ്റം വരുത്തുമെന്നും മന്ത്രാലയം അറിയിച്ചു. 2.4ലക്ഷം ഗ്രൂപ്പ് ബി ജീവനക്കാരും 27.7 ലക്ഷം ഗ്രൂപ്പ് സി ജീവനക്കാരുമാണുള്ളതെന്ന് കണക്കുകള്‍.
രോഗവ്യാപനം തടയുന്നതിന് സംസ്ഥാനങ്ങള്‍ കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി വരികയാണ്. ഇതൊടൊപ്പമാണ് കേന്ദ്രസര്‍ക്കാരും കടുത്ത നടപടികളിലേക്ക് കടന്നത്. കൊറോണയുടെ പശ്ചാത്തലത്തില്‍ കേന്ദ്ര സര്‍ക്കാര്‍ ഓഫീസുകളില്‍ നേരത്തെതന്നെ സന്ദര്‍ശകര്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തിയിരുന്നു. വൈറസിന്റെ സമൂഹവ്യാപനം ഉണ്ടായാല്‍ നിയന്ത്രിക്കുന്നത് ബുദ്ധിമുട്ടാണ്. രാജ്യത്തെ കൊറോണയുടെ സമൂഹവ്യാപനം ഇതുവരെ ആരംഭിച്ചിട്ടില്ലെന്നാണ് നിലപാടിലാണ് ഐസിഎംആര്‍.
രാജ്യത്ത് 174 പേരിലാണ് കൊവിഡ് 19 സ്ഥിരീകരിച്ചത്. മഹാരാഷ്ട്രയിലാണ് ഏറ്റവുമധികം പേര്‍ക്ക് രോഗം ബാധിച്ചത്. 49 പേരാണ് രോഗബാധയെ തുടര്‍ന്ന് ചികിത്സയില്‍ കഴിയുന്നത്. ഡല്‍ഹി, കര്‍ണാടക, മഹാരാഷ്ട്ര എന്നിവിടങ്ങളില്‍ ഓരോരുത്തര് വീതം മരിച്ചിട്ടുണ്ട്.