തൃശൂര്‍: കൊവിഡ് 19 വ്യാപിക്കുന്ന പശ്ചാത്തലത്തില്‍ ഈ വര്‍ഷത്തെ തൃശൂര്‍പൂരം ചടങ്ങുകളില്‍ മാത്രം ഒതുങ്ങും. മേയ് മാസം മൂന്നാം തിയതി നടക്കുന്ന പൂരം ലോക് ഡൗണ്‍ നീക്കിയാല്‍ സാധാരണഗതിയില്‍ നടത്താമെന്ന ആത്മവിശ്വാസത്തിലായിരുന്നു പൂരം കമ്മിറ്റി ഭാരവാഹികള്‍. എന്നാല്‍ ലോക്ഡൗണ്‍ സംബന്ധിച്ച് കേന്ദ്രം നിയന്ത്രണങ്ങള്‍ കര്‍ശനമാക്കുന്ന സാഹചര്യത്തില്‍ പൂരം നിര്‍ത്തിവെച്ച് ചടങ്ങുകളില്‍ ഒതുക്കാനാണ് തീരുമാനിച്ചിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍.
നിലവിലെ സാഹചര്യത്തില്‍ പൂരം നടത്തുക എന്നത് സാധ്യമായ കാര്യമല്ല. ഇത്തവണത്തെ പൂരം ചെറിയ ചടങ്ങുകളില്‍ മാത്രം ഒതുക്കും. ആറാട്ടുപ്പുഴ പൂരം വളരെ ലളിതമായിട്ടാണ് നടത്തിയത്. ആവശ്യമെങ്കില്‍ ആ രീതി സ്വീകരിക്കുമെന്ന് തിരുമ്പാടി ദേവസ്വം പ്രസിഡന്റ് പി. ചന്ദ്രശേഖരന്‍ പറഞ്ഞു. ഏപ്രില്‍ ഒന്നിന് നടക്കേണ്ടിയിരുന്ന പൂരക്കാഴ്ച നേരത്തെതന്നെ നിര്‍ത്തിവെച്ചിരുന്നു.
ലക്ഷകണക്കിന് ആളുകള്‍ രാജ്യത്ത് കൊവിഡ് 19 മൂലം ബുദ്ധിമുട്ടുന്നൊരു സാഹചര്യത്തില്‍ പൂരം നടത്തുന്നതിനെക്കുറിച്ച് ചിന്തിക്കാന്‍പോലും ഞങ്ങള്‍ക്ക് സാധിക്കില്ലെന്ന് പാറേമക്കാവ് ദേവസ്വം സെക്രട്ടറി ജി. രാഗേഷ് പറഞ്ഞു. പൂരം സംബന്ധിച്ച എല്ലാപ്രവര്‍ത്തനങ്ങളും നിര്‍ത്തിവെച്ചിട്ടുണ്ട്. പട്ടുകുടകളുടെ നിര്‍മ്മാണമടക്കുള്ളവ നിര്‍ത്തിവെച്ചിട്ടുണ്ട്. സര്‍ക്കാര്‍ ലോക് ഡൗണ്‍ നീട്ടാന്‍ തീരുമാനിക്കുകയാണെങ്കില്‍ ഞങ്ങള്‍ ഒരു ആഘോഷവും നടത്തില്ല. തൂശ്ശൂര്‍പൂരം നടത്തരുതെന്നാണ് കേരള ഗവണ്‍മെന്റ് മെഡിക്കല്‍ ഓഫീസേഴ്‌സ് അസോസിയേഷന്റെ നിലപാടെന്നും അദ്ദേഹം പറഞ്ഞു.
ആളുകള്‍ കൂടുന്ന സാഹചര്യം ഒഴിവാക്കണം എന്നാണ് ഞങ്ങളുടെ ഉപദേശമെന്ന് കെ.ജി.എം.ഒ.എ സംസ്ഥാന സെക്രട്ടറി ഡോ.ജി.എസ് വിജയകൃഷ്ണന്‍ വ്യക്തമാക്കി. തൂശൂര്‍പൂരം നടത്തിയാല്‍ അത് ആയിരക്കണക്കിന് ആളുകളെ അങ്ങോട്ടെത്തിക്കും. അത് കൊവിഡ് വൈറസ് പടരാനുള്ള വലിയതോതിലുള്ള സാഹചര്യം ഉണ്ടാക്കുമെന്നും വിജയകൃഷ്ണന്‍ പറഞ്ഞു. ലോകത്തെമ്പാടും മതപരമായ ചടങ്ങുകള്‍ കൊവിഡ് വൈറസ് വ്യാപിക്കുന്നതിന് കാരണമായിട്ടുണ്ട്. ഭാരവാഹികള്‍ക്ക് പൂരം ചടങ്ങുകള്‍ മാത്രമായി ചുരുക്കാം. അതേസമയം ചടങ്ങുകള്‍ ഒണ്‍ലൈന്‍ ആയി കാണാനുള്ള സംവിധാനം ഒരുക്കുകയും ചെയ്യാമെന്നും അദ്ദേഹം പറഞ്ഞു.