ബെംഗളൂരു : ആശുപത്രികളിൽ പ്രവേശനം ലഭിക്കാതെ മരിച്ച കോവിഡ് ബാധിതയായ പ്രിയതമയുടെ മൃതദേഹം സംസ്കരിക്കാൻ വിട്ടുകൊടുക്കാതെ മണിക്കൂറുകളോളം പ്രതിഷേധിച്ച് ഗൃഹനാഥൻ. ബെംഗളൂരുവിലെ വിദ്യാരണ്യപുരയിൽ ചൊവ്വാഴ്ച രാത്രിയാണ് ഈ ദൃശ്യങ്ങൾക്കു കളമൊരുങ്ങിയത്.
കോവിഡ് മാനദണ്ഡപ്രകാരം മൃതദേഹം ദഹിപ്പിക്കാൻ കൊണ്ടുപോകാൻ ആംബുലൻസ് എത്തിയിട്ടും ആരോഗ്യമന്ത്രിയും കോർപ്പറേറ്ററും എത്താതെ ഭാര്യ ഗിരിജയുടെ (41) മൃതദേഹം വിട്ടുകൊടുക്കാൻ കഴിയില്ലെന്ന നിലപാടിൽ സ്വകാര്യ കമ്പനി ജീവനക്കാരനായ ശിവു ഉറച്ചുനിന്നു. പോലീസ് എത്തിയാണ് പിന്നീട് മൃതദേഹം ഏറ്റുവാങ്ങിയത്.
വീട്ടിൽ ക്വാറന്റീനിലായിരുന്ന ഗിരിജയ്ക്ക് ചൊവ്വാഴ്ച കടുത്ത ശ്വാസംമുട്ടൽ അനുഭവപ്പെട്ടിരുന്നു. നഗരത്തിലെ ചില ആശുപത്രികളെ സമീപിച്ചെങ്കിലും ഇവിടെയൊന്നും ഓക്സിജൻ കിടക്കയില്ലെന്നു ചൂണ്ടിക്കാട്ടി പ്രവേശനം നിഷേധിച്ചു. തുടർന്ന് വീട്ടിൽ തിരിച്ചെത്തിച്ച ഗിരിജ രാത്രിയോടെ മരിച്ചു. ഇവരുടെ 2 പെൺമക്കളുടെ നിലവിളി കേട്ട് ഓടിയെത്തിയ അയൽക്കാരാണ് മരണവിവരം ബിബിഎംപിയെയും പോലീസിനെയും അറിയിച്ചത്. തുടർന്നാണ് മൃതദേഹം ശ്മശാനത്തിലേക്കു കൊണ്ടുപോകാൻ ആംബുലൻസ് എത്തിയതും നാടകീയ രംഗങ്ങൾക്കു സാക്ഷ്യം വഹിച്ചതും.