ലക്നൗ : പ്രതിദിന കേസുകളുടെ എണ്ണത്തിൽ രണ്ടാമതായതോടെ നിയന്ത്രണങ്ങൾ കടുപ്പിച്ച് ഉത്തർപ്രദേശ് സർക്കാർ. നിയന്ത്രണങ്ങൾ കർക്കശമാക്കുന്നതിന്റെ ഭാഗമായി ഞായറാഴ്ചകളിൽ സംസ്ഥാനത്ത് ലോക്‌ഡൗൺ പ്രഖ്യാപിച്ചു. സംസ്ഥാനത്ത് കോവിഡ് പ്രോട്ടോക്കോൾ കർശനമാക്കാൻ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നിർദേശം നൽകി.
പൊതുസ്ഥലങ്ങളിൽ മാസ്ക് ധരിക്കാത്തവരിൽ നിന്ന് ആയിരം മുതൽ പതിനായിരം രൂപ പിഴ ഈടാക്കാനാണ് തീരുമാനം. മാസ്ക് ധരിക്കാത്തതിന് പിടിക്കപ്പെട്ടാൽ ആദ്യതവണ 1000 രൂപയും ആവർത്തിച്ചാൽ 10000 രൂപയും ഈടാക്കും.
ലക്നൗ, പ്രയാഗ്‌രാജ്, വാരണാസി, കാൺപൂർ നഗർ, ഗൗതം ബുദ്ധ് നഗർ, ഗാസിയാബാദ്, മീററ്റ്, ഗോരഖ്പുർ തുടങ്ങിയ ജില്ലകളിൽ രാത്രി കർഫ്യു പ്രഖ്യാപിച്ചു. രാത്രി ഏഴു മുതൽ രാവിലെ എട്ടു വരെയാണ് കർഫ്യു. മേയ് 15 വരെ സ്കൂളുകൾ അടച്ചു.
ലക്നൗ, ഗാസിയാബാദ്, പ്രയാഗ്‌രാജ് എന്നീ ജില്ലകളിൽ കോവിഡ് വ്യാപനം അതിരൂക്ഷമാണ്. ലക്നൗവിലെത്താൻ മറ്റു സംസ്ഥാനക്കാർക്ക് 72 മണിക്കൂറിനുള്ളിൽ ലഭിച്ച ആർടിപിസിആർ നെഗറ്റീവ് ഫലം നിർബന്ധമാണ്. കേരളം, മഹാരാഷ്ട്ര എന്നിവിടങ്ങളിൽ നിന്നെത്തി മറ്റ് ജില്ലകളിലേക്ക് പോകുന്നവർ ആർടിപിസിആർ നെഗറ്റീവ് ഫലം കരുതണം. മൃതദേഹങ്ങൾ കൂട്ടത്തോടെ കത്തിക്കുന്ന ദൃശ്യങ്ങൾ പുറത്തു വന്നതോടെ ലക്നൗവിലെ ശ്മശാനത്തിനു ചുറ്റും ഷീറ്റുകൾ കൊണ്ട് മറച്ചത് വിവാദമായിരുന്നു.
വ്യാഴാഴ്ച 22,439 കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്യുകയും 104 പേർ കോവിഡ് ബാധിച്ച് മരിക്കുകയും ചെയ്തതോടെയാണ് സ്കൂളുകൾ അടച്ചിടാനും സംസ്ഥാനത്തെ പരീക്ഷകൾ മാറ്റിവെയ്ക്കാനും സർക്കാർ തീരുമാനിച്ചത്. സംസ്ഥാനത്ത് ഇതു വരെ റിപ്പോർട്ട് ചെയ്തതിൽ വെച്ച് ഏറ്റവും ഉയർന്ന പ്രതിദിന കോവിഡ് കണക്കാണ് വ്യാഴാഴ്ച പുറത്തു വന്നത്. ബുധനാഴ്ച 20,510 കേസുകളാണ് സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്തത്.