അടൂർ : സമൂഹ വ്യാപന ആശങ്ക നിലനിൽക്കുന്ന അടൂര്‍ നഗര പ്രദേശം ഒരാഴ്ച്ചത്തേക്ക് അടിച്ചിടാൻ അധികൃതർ തീരുമാനിച്ചു. ചിറ്റയം ഗോപകുമാര്‍ എംഎൽ എയുടെ അധ്യക്ഷതയില്‍ അടൂർ ആർഡി ഓഫീസിൽ ചേർന്ന യോഗത്തിലാണ് തീരുമാനം. ഇതനുസരിച്ച് അടൂര്‍ നഗരസഭാ പ്രദേശം ഇന്ന് വൈകിട്ട് മുതൽ ഒരാഴ്ചത്തേക്ക് അടച്ചിടും. ആവശ്യ സാധനങ്ങൾ വിൽക്കുന്ന കടകൾ മാത്രമേ നഗരസഭയുടെ പരിധിക്കുള്ളില്‍ തുറക്കാൻ അനുവദിക്കു. പൊതു ഗതാഗതം പൂർണ്ണമായും നിരോധിച്ചു. അടൂർ ഗവൺമെന്റ് ആശുപത്രിയിലെ വനിതാ ഡോക്ടർക്ക് ഉറവിടമറിയാത്ത കോവിഡ് സ്ഥിരീകരിച്ച സാഹചര്യത്തിലാണ് അധികൃതരുടെ തീരുമാനം.
അതേ സമയം ചിറ്റാർ പോലീസ് സ്റ്റേഷനിലെ സീനിയർ സിവിൽ പോലീസ് ഓഫീസർക്ക് കോവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് ചിറ്റാർ പോലീസ് സ്റ്റേഷനിലെ ഇൻസ്പെക്ടർ അടക്കം 19 പേർ ക്വാറന്റൈനിൽ പ്രവേശിച്ചു. പത്തനംതിട്ട എആർ ക്യാമ്പിൽ പ്രത്യേകം സജ്ജീകരിച്ചിട്ടുള്ള ക്വാറന്റൈൻ സെന്ററിലേക്കാണ് ഇവരെ മാറ്റിയത് . ഏഴുദിവസത്തെ ഡ്യൂട്ടി ഓഫിന് ശേഷം നാലുദിവസം മുൻപ് ജോലിയിൽ തിരികെ പ്രവേശിച്ച പത്തനംതിട്ട സ്വദേശിയായ പോലീസുകാരനാണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. ഇയാൾക്ക് എവിടെ നിന്ന് രോഗം വന്നുവെന്ന കാര്യം വ്യക്തമല്ല. ഇയാൾക്കൊപ്പം ഡ്യൂട്ടി ചെയ്ത 19 പേരെയാണ് ഇപ്പോൾ ക്വാറന്റൈനിൽ പ്രവേശിപ്പിച്ചിരിക്കുന്നത്.
ഉറവിടമറിയാതെ കോവിഡ് കേസുകൾ വർദ്ധിക്കുന്ന സാഹചര്യം നേരിടുന്നതിനായി ഒരു ബദൽ പോലീസ് സ്റ്റേഷൻ ജില്ലയിൽ സജ്ജീകരിച്ചിട്ടുണ്ട്. ജില്ലയിലെ എല്ലാ സ്റ്റേഷനുകളിൽ നിന്നും രണ്ടു പേരെ വീതം ചേർത്തതാണ് റിസർവ് പോലീസ് സ്റ്റേഷൻ. ഇവിടെനിന്നുള്ള പോലീസുകാരെ ചിറ്റാറിലേക്ക് പകരം ഡ്യൂട്ടിക്ക് നിയോഗിക്കും.