തിരുവനന്തപുരം: സംസ്ഥാനത്ത് കൊറോണ സമൂഹവ്യാപനത്തിലേക്ക് കടന്നോ എന്ന് കണ്ടെത്താന്‍ ഇന്ന് മുതല്‍ ആന്റിബോഡി പരിശോധന ആരംഭിക്കും. ആദ്യഘട്ടത്തില്‍ 10000 കിറ്റുകളാണു ജില്ലാ മെഡിക്കല്‍ ഓഫിസര്‍മാര്‍ക്കു നല്‍കിയിട്ടുണ്ട്. ആദ്യപടിയായി ആരോഗ്യ പ്രവര്‍ത്തകരെ ഇന്നു പരിശോധിക്കും. ഓരോ ദിവസം ഓരോ വിഭാഗങ്ങളായി തിരിച്ചാകും പരിശോധന. നാളെ മുതല്‍ പരിശോധന നടത്തേണ്ട വിഭാഗങ്ങളെ ഇന്നു നിശ്ചയിക്കും.
ആന്റിബോഡി പരിശോധനയില്‍ രക്ത സാംപിളാണ് ശേഖരിക്കുക. ഇതിന്റെ ഫലം ലാബിലെത്തി അരമണിക്കൂറിനുള്ളില്‍ ലഭിക്കും. ഇതേസമയം ആന്റിബോഡി പരിശോധനയിലെ ഫലത്തിനു 100% കൃത്യത ഉറപ്പുനല്‍കാനാകില്ല. പോസിറ്റീവ് ആകുന്നവരില്‍ സ്ഥിരീകരണത്തിനായി പിസിആര്‍ പരിശോധന നടത്തും. പിസിആര്‍ പരിശോധന മൂക്കിലൂടെയോ തൊണ്ടയിലൂടെയോ സ്രവം ശേഖരിച്ചാണു നടത്തുന്നത്. പിസിആര്‍ പരിശോധനയുടെ ഫലം ലഭിക്കാന്‍ 24 മണിക്കൂര്‍ വരെ വേണ്ടിവരും.
സമൂഹവ്യാപനം കണ്ടെത്താന്‍ പരിശോധിക്കുന്നത് കോവിഡ് പ്രതിരോധ ആരോഗ്യ പ്രവര്‍ത്തകര്‍, വീടുകളില്‍ ക്വാറന്റീനില്‍ കഴിയുന്നവര്‍, 65 വയസ്സിനു മുകളിലുള്ളവര്‍, ജോലിയുടെ ഭാഗമായി പുറത്തിറങ്ങുന്ന മാധ്യമ പ്രവര്‍ത്തകര്‍, പോലീസുകാര്‍, തദ്ദേശസ്ഥാപന ജീവനക്കാര്‍, അന്യസംസ്ഥാന തൊഴിലാളികള്‍, വഴിയോരക്കച്ചവടക്കാര്‍, അങ്കണവാടി ജീവനക്കാര്‍, റേഷന്‍ കടകളിലെയും പലവ്യഞ്ജനക്കടകളിലെയും തൊഴിലാളികള്‍, ഇതര സംസ്ഥാനങ്ങളില്‍ നിന്നെത്തുന്ന ലോറി ഡ്രൈവര്‍മാരുമായി സാമ്പര്‍ക്കത്തിലുള്ളവര്‍, ചുമട്ടുതൊഴിലാളികള്‍ എന്നിവരെയാകും.