പത്തനംതിട്ട : ആന്റിജൻ പരിശോധനയ്ക്കായി നിലയ്ക്കലിൽ കൂടുതൽ സ്വകാര്യ സ്ഥാപനങ്ങളെത്തുന്നു. 625 രൂപ നിരക്കിൽ പരിശോധനയ്ക്കായി പുതുതായി മൂന്ന് സ്വകാര്യ സ്ഥാപനങ്ങളാണ് നിലയ്ക്കലിൽ എത്തുന്നത്. നിലവിൽ ആരോഗ്യവകുപ്പിന്റെയും ഒരു സ്വകാര്യ സ്ഥാപനത്തിന്റെയും പരിശോധനാ കേന്ദ്രങ്ങളുണ്ടെങ്കിലും ഇതിൽ ആരോഗ്യവകുപ്പിന്റേതുമാത്രമാണ് തീർഥാടകർക്ക് സൗജന്യമായി ആന്റിജൻ പരിശോധന ചെയ്ത് നൽകുന്നത്.
സ്വകാര്യ സ്ഥാപനത്തിൽ പരിശോധിക്കുന്നതിന് ഒരാൾക്ക് 625 രൂപയാണ് ഈടാക്കുന്നത്. തീർഥാടകർക്ക് സൗജന്യമായി കോവിഡ് പരിശോധന ഒരിടയ്ക്ക് ദേവസ്വം ബോർഡ് ആലോചിച്ചിരുന്നെങ്കിലും നിലവിലെ സാമ്പത്തിക പ്രതിസന്ധി കാരണം പരിശോധനാ ചെലവ് വഹിക്കാൻ കഴിയില്ലെന്നായിരുന്നു ബോർഡിന്റെ പ്രതികരണം. പന്ത്രണ്ടുവിളക്കിനുശേഷം ശബരിമലയിലേക്ക് കൂടുതൽ തീർഥാടകരെ പ്രവേശിപ്പിക്കാനുള്ള തയ്യാറെടുപ്പുകളുടെ ഭാഗമായിട്ടാണ് നിലയ്ക്കലിൽ കൂടുതൽ ആന്റിജൻ പരിശോധനാകേന്ദ്രങ്ങൾ ആരംഭിക്കുന്നത്.
അതേസമയം തീർഥാടകരുടെ എണ്ണം വർധിപ്പിക്കുന്ന സാഹചര്യമുണ്ടായാൽ നിലയ്ക്കൽ, പമ്പ, സന്നിധാനം, എന്നിവിടങ്ങളിലെല്ലാം ആരോഗ്യപ്രവർത്തകരുടെ എണ്ണവും കൂട്ടേണ്ടിവരും. മാത്രമല്ല മൂന്നിടത്തെയും പോലീസിന്റെ എണ്ണവും ആനുപാതികമായി വർധിപ്പിക്കേണ്ടി വരും. നിലയ്ക്കലും പമ്പയിലും ഒരുക്കിയിട്ടുള്ള ഭൗതിക സൗഹചര്യങ്ങളും വർധിപ്പിക്കേണ്ടിവരും.