തിരുവനന്തപുരം : കേരളത്തിലെ രണ്ടാം കോവിഡ് തരംഗത്തിന്റെ പശ്ചാത്തലത്തില്‍ സര്‍ക്കാര്‍ നിയന്ത്രണങ്ങള്‍ കര്‍ശനമാക്കിയത് പ്രധാന വരുമാന ശ്രോതസ്സായ മദ്യവില്‍പ്പനയെ ബാധിക്കാതിരിക്കാന്‍ ബെവ്ക്യൂ ആപ്പ് സജീവമാക്കാന്‍ ബിവറേജ് കോര്‍പ്പറേഷന്‍. ഈ വര്‍ഷം ജനുവരിയില്‍ കോവിസ് വ്യാപനത്തിന്റെ തോത് കുറഞ്ഞ് സാധാരണ നിലയില്‍ ആയതിനാല്‍ ആപ്പ് പ്രവര്‍ത്തനം നിര്‍ത്തിയിരുന്നു. ഇക്കാര്യത്തില്‍ നിലപാട് വ്യക്തമാക്കിയിരിക്കുകയാണ് ബെവ്കോ എം.ഡി യോഗേഷ് ഗുപ്ത.
കോവിഡ് കുതിച്ചുയരുന്ന സാഹചര്യത്തില്‍ ബെവ്ക്യൂ ആപ്പിന് വീണ്ടും അനുമതി തേടി ഫെയര്‍കോഡ് ടെക്നോളജീസ് ബിവറേജസ് കോര്‍പ്പറേഷനെ സമീപിച്ചിട്ടുണ്ട്. ഇവരുമായുള്ള ഒരു വര്‍ഷ കരാര്‍ നിലവിലുണ്ട്. ആപ്പ് പ്രവര്‍ത്തന സജ്ജമാണെന്നും കോര്‍പ്പറേഷന്‍ നിര്‍ദ്ദേശിക്കുന്ന മാറ്റങ്ങള്‍ വരുത്താമെന്നും കമ്പിനി അറിയിച്ചു. 2020 മേയ് 28ന് പ്ലേ സ്റ്റോറില്‍ എത്തിയ ബെവ്ക്യൂ ആപ്പ് 2021ജനുവരിയിലാണ് പ്രവര്‍ത്തനം താത്കാലികമായി നിര്‍ത്തിയത്. ആറര ലക്ഷം പേര്‍ ഉപയോഗിച്ചു. ആറര കോടിയോളം ടോക്കണുകള്‍ വിതരണം ചെയ്തു. കൊവിഡ് വ്യാപനം ശക്തമായ സാഹചര്യത്തില്‍ മദ്യം ഹോം ഡെലിവറിയായി എത്തിക്കാനുള്ള സാദ്ധ്യത പരിശോധിക്കുന്നുണ്ട്. ഇക്കാര്യത്തില്‍ ഉചിതമായ തീരുമാനമുണ്ടാകുമെന്നും ബെവ്കോ.