ന്യൂഡല്‍ഹി: രാജ്യത്ത് കോവിഡ് സാഹചര്യം അതീവ ഗുരുതരമാണെന്ന മുന്നറിയിപ്പുമായി കേന്ദ്രം. മോശം അവസ്ഥയില്‍നിന്നു വളരെ മോശം അവസ്ഥയിലേക്കു മാറുന്നു എന്നാണാണു കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ നിഗമനം. പ്രതിരോധത്തെ മറികടന്നു വൈറസ് അതിശക്തമായി തിരിച്ചടിക്കുകയാണെന്നു നീതി ആയോഗ് അംഗവും വാക്സിന് അഡ്മിനിസ്ട്രേഷന് ദേശീയ വിദഗ്ധ സമിതി ചെയര്‍മാനുമായ ഡോ. വി.കെ. പോള്‍ പറഞ്ഞു. എന്നാല്‍ നിലവിലെ കോവിഡ് വ്യാപനം ജനിതക മാറ്റം വന്ന വൈറസുകള്‍ മൂലമല്ലെന്നും അദ്ദേഹം വ്യക്തമാക്കി.
24 മണിക്കൂറിനിടെ 56,000ത്തിലധികം പുതിയ കോവിഡ് കേസുകളാണ് രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തത്. അതിനാല്‍ കോവിഡ് മാനദണ്ഡങ്ങളും നിയന്ത്രണങ്ങളും എല്ലാവരും കര്‍ശനമായി പാലിക്കണം. മാസ്ക് ധരിക്കാത്തവര്‍ക്ക് പിഴ ചുമത്തുന്നത് ഉള്‍പ്പെടെ കര്‍ശന നടപടികള്‍ സ്വീകരിക്കണമെന്നും ഡോ. വി.കെ. പോള്‍ പറഞ്ഞു. ഐസൊലേഷന്‍ കൃത്യമായി പാലിക്കാത്തവരെ സര്‍ക്കാര്‍ ക്വാറന്റൈന് കേന്ദ്രങ്ങളിലേക്ക് മാറ്റാന്‍ സംസ്ഥാനങ്ങളോട് കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശിച്ചു.