തിരുവനന്തപുരം : അടുത്ത പത്ത് ദിവസം കൊണ്ട് കോവിഡ് പ്രതിദിന രോഗികളുടെ എണ്ണവും ചികിത്സയിലുള്ള രോഗികളുടെ എണ്ണവും ഇരട്ടിയിലധികമാകാമെന്ന് ആരോഗ്യ വിദഗ്ധരുടെ മുന്നറിയിപ്പ്. ആക്ടീവ് കേസുകളുടെ എണ്ണം രണ്ട് ലക്ഷത്തില്‍ നിന്ന് മൂന്ന് ലക്ഷത്തിലേക്ക് മാറാനെടുത്ത സമയം വെറും അഞ്ച് ദിവസം മാത്രമാണെന്നും കടുത്ത നിയന്ത്രണങ്ങള്‍ എന്നതിനൊപ്പം താല്‍കാലിക അടച്ചിടല്‍ അനിവാര്യമാണെന്നുമാണ് വിദഗ്ധാഭിപ്രായം.
സംസ്ഥാനത്ത് രോഗികളുടെ എണ്ണം ഇരട്ടിക്കുന്ന സമയം 5 ദിവസം ആയി ചുരുങ്ങിയത് ഗൗരവമാണ്. മാര്‍ച്ച് 25ന് 2,18,893 രോഗികള്‍ ഉണ്ടായിരുന്നത് മുപ്പതാം തീയതി ആയപ്പോള്‍ 3,03,733 ആയി. രോഗികളുടെ എണ്ണം കൂടുന്ന സമയം വളരെ കുറഞ്ഞെന്ന് ഇതില്‍ നിന്ന് വ്യക്തം. നിലവില്‍ ചികിത്സയില്‍ ഉള്ള 3,45,887 രോഗികളെന്നത് അടുത്ത പത്ത് ദിവസത്തില്‍ ഇരട്ടിയാകാമെന്നാണ് മുന്നറിയിപ്പ്. നിലവില്‍ 28ന് മുകളില്‍ പോയ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 30നോ 35നോ മുകളില്‍ പോകാം. ഒരാളില്‍ നിന്ന് നിരവധി പേരിലേക്ക് അതിവേഗം രോഗം പടരുന്ന ഗുരുതര സാഹചര്യമാണ് നിലവിലുള്ളത്. മരണ നിരക്കും ഉയരും. അതുകൊണ്ട് പരമാവധി സമ്പര്‍ക്കം കുറയ്ക്കുകയാകണം ലക്ഷ്യമെന്ന് വിദഗ്ധര്‍ അഭിപ്രായപ്പെടുന്നു.