ന്യൂദല്‍ഹി: ആശങ്കാജനകമായി രാജ്യത്ത് കോവിഡ് രോഗികളുടെ എണ്ണം വര്‍ധിക്കുന്ന സാഹചര്യത്തില്‍ പ്രതിരോധ നടപടികളെക്കുറിച്ച് ആലോചിക്കാന്‍ പ്രധാനമന്ത്രി മുഖ്യമന്ത്രിമാരുടെ യോഗം വിളിച്ചു. ബുധനാഴ്ച ഉച്ചയ്ക്ക് 12.30നാണ് ഓണ്‍ലൈനില്‍ പ്രധാനമന്ത്രി മുഖ്യമന്ത്രിമാരുമായി കൂടിക്കാഴ്ച നടത്തുക. തിങ്കളാഴ്ച 26,291 പേര്‍ക്ക് പുതുതായി രോഗം ബാധിച്ചതായി രേഖപ്പെടുത്തി. കഴിഞ്ഞ മൂന്ന് മാസത്തെ കണക്കെടുക്കുമ്പോള്‍ ഏറ്റവും ഉയര്‍ന്ന സംഖ്യയാണിത്.
കോവിഡ് പ്രതിരോധത്തില്‍ ജനങ്ങള്‍ കാണിക്കുന്ന അലംഭാവവും വീഴ്ചയുമാണ് രോഗബാധ വര്‍ധിക്കാന്‍ കാരണമാകുന്നതെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ഹര്‍ഷ് വര്‍ധന്‍ പറഞ്ഞു. രാജ്യത്തെ കോവിഡ് കണക്കുകളില്‍ 85 ശതമാനവും അഞ്ച്, ആറ് സംസ്ഥാനങ്ങളിലാണെന്നും അദ്ദേഹം പറഞ്ഞു. ഇപ്പോള്‍ മഹാരാഷ്ട്ര, പഞ്ചാബ്, കര്‍ണ്ണാടക, ഗുജറാത്ത്, തമിഴ്‌നാട് എന്നീ സംസ്ഥാനങ്ങളിലാണ് രോഗബാധ കൂടുതലുള്ളത്. രോഗം കാരണമുള്ള മരണത്തിന്‍റെ 82.20 ശതമാനവും ഈ സംസ്ഥാനങ്ങളിലാണ്.