ന്യൂഡല്‍ഹി : രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം അഞ്ച് ലക്ഷം കവിഞ്ഞു. കേന്ദ്ര ആരോഗ്യമന്ത്രാലയം അവസാനം പുറത്തുവിട്ട കണക്കുകൾ പ്രകാരം ഇതുവരെ 5,08,953 പേരാണ് രോഗബാധിതതരായത്. 24 മണിക്കൂറിനിടെ 18,552 പേർക്കാണ് പുതിയതായി രോഗം സ്ഥീരികരിച്ചത്. പ്രതിദിന രോഗബാധയിൽ ഏറ്റവും ഉയർന്ന കണക്കാണിത്. രാജ്യത്ത് ഇതുവരെ 15,685 പേരാണ് കോവിഡ് ബാധിച്ച് മരിച്ചത്. 384 പേരാണ് ഇന്നലെ മാത്രം മരിച്ചത്. അതേസമയം ആകെ രോഗബാധിതരിൽ 2,85,637 പേർക്ക് രോഗം ഭേദമായിട്ടുണ്ട്. 1,89,463 പേരാണ് ഇപ്പോൾ ചികിത്സയിലുള്ളത്. നിലവിൽ 58.13 ശതമാനമാണ് ഇന്ത്യയിലെ രോഗമുക്തി നിരക്ക്. ഇന്നലെ ഇത് 58.24 ആയിരുന്നു.
രാജ്യത്തെ കോവിഡ് ബാധിതരുടെ എണ്ണം നാല് ലക്ഷത്തിൽ നിന്ന് അഞ്ച് ലക്ഷം എത്താൻ ആറ് ദിവസം മാത്രമാണ് എടുത്തത്. അതേസമയം മഹാരാഷ്ട്ര, ഡല്‍ഹി, തമിഴ്നാട് സംസ്ഥാനങ്ങളിൽ രോഗികളുടെ എണ്ണം ദിനംപ്രതി വർധിക്കുകയാണ്. രാജ്യത്തെ ആകെ രോഗികളുടെ അൻപത്തിയൊമ്പത് ശതമാനവും ഈ സംസ്ഥാനങ്ങളിലാണ്. മഹാരാഷ്ട്രയിൽ മാത്രം ഇതുവരെ ഒന്നര ലക്ഷം പേർക്ക് രോഗം വന്നു. ഡല്‍ഹിയിൽ പരിശോധനകൾ കൂട്ടിയതോടെ ദിവസേന മൂവായിരത്തിലധികം പേർക്കാണ് രോഗം സ്ഥിരീകരിക്കുന്നത്. രോഗവ്യാപന തോത് കണ്ടെത്താൻ ഡല്‍ഹിയിൽ ഇന്ന് മുതൽ സിറോ സർവ്വേക്ക് തുടക്കമാകും. ഇതിന്റെ ഭാഗമായി വീടുകൾതോറും പരിശോധന ഉണ്ടാകുമെന്ന് സർക്കാർ അറിയിച്ചു.