തിരുവനന്തപുരം : സംസ്ഥാനത്ത് ഇതുവരെ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 20,000 കടന്നു. 10,091 പേരാണ് വിവിധ ആശുപത്രികളില്‍ ചികിത്സയില്‍ കഴിയുന്നത്. കഴിഞ്ഞ 12 ദിവസം കൊണ്ട് 10000 ലധികം രോഗികളാണ് സംസ്ഥാനത്തുണ്ടായത്.
രാജ്യത്ത് ആദ്യമായി കോവിഡ് പോസിറ്റീവ് കേസ് റിപ്പോര്‍ട്ട് ചെയ്ത സംസ്ഥാനമാണ് കേരളം. ജനുവരി 30 ന് ചൈനയില്‍ നിന്ന് എത്തിയ തൃശൂര്‍ സ്വദേശിനിക്കാണ് രോഗമുണ്ടായത്. ഫെബ്രുവരി 2 നും മൂന്നിനും ഓരോ കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്ത് കോവിഡിന്‍റെ ആദ്യഘട്ടത്തില്‍ മൂന്ന് രോഗികള്‍ മാത്രമാണ് ഉണ്ടായത്. മാര്‍ച്ച് എട്ടിന് ഇറ്റലിയില്‍ നിന്നെത്തിയ പത്തനംതിട്ട സ്വദേശിക്ക് രോഗം സ്ഥീരികരിച്ചതോടെ രണ്ടാം ഘട്ടം ആരംഭിച്ചു. മാര്‍ച്ച് 24 ന് രോഗികളുടെ എണ്ണം 100 ആയി വര്‍ധിച്ചു. മെയ് 27 ന് രോഗികള്‍ 1000 കടന്നു. എന്നാല്‍ പിന്നീട് രോഗികളുടെ എണ്ണം വേഗത്തിലാണ് വര്‍ധിച്ചത്. ജൂലൈ 16 രോഗികളുടെ എണ്ണം 10000 കടന്നു. പിന്നീട് 12 ദിവസം കൊണ്ടാണ് 20896ലേക്ക് രോഗികളുടെ എണ്ണം എത്തിയത്.
10805 പേര്‍ ഇതുവരെ കോവിഡില്‍ നിന്ന് സംസ്ഥാനത്ത് മുക്തി നേടിയിട്ടുണ്ട്. രോഗം ബാധിച്ചതില്‍ പകുതിയലധികം പേര്‍ രോഗമുക്തി നേടി എന്നതാണ് ആശ്വസിക്കാന്‍ വകയുള്ള ഏകകാര്യം.