ദില്ലി : ഇന്ത്യയില്‍ കൊവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തില്‍ സംസ്ഥാനങ്ങള്‍ സന്ദര്‍ശിക്കാന്‍ കേന്ദ്രസംഘം. കേരളം ഉള്‍പ്പെടെ കൊവിഡ് കേസുകള്‍ കൂടുതല്‍ റിപ്പോര്‍ട്ട് ചെയ്യുന്ന ആറ് സംസ്ഥാനങ്ങളാണ് ഇതോടെ കേന്ദ്ര സംഘം സന്ദര്‍ശിക്കുക. കേരളത്തിന് പുറമേ ആന്ധ്രപ്രദേശ്, അരുണാചല്‍ പ്രദേശ്, മണിപ്പൂര്‍, ത്രിപുര, ഒഡിഷ, ഛത്തീസ്ഗഡ് എന്നീ സംസ്ഥാനങ്ങളും കേന്ദ്രസംഘം സന്ദര്‍ശിക്കും. ഈ സംസ്ഥാനങ്ങളിലെ രോഗനിയന്ത്രണം, രോഗവ്യാപനത്തിന്റെ തോത് എന്നിവ പരിശോധിക്കുകയാണ് ലക്ഷ്യം.
രോഗവ്യാപനം കൂടുതലുള്ള സംസ്ഥാനങ്ങള്‍ നേരിടുന്ന പ്രശ്നങ്ങളും വെല്ലുവിളികളും മനസ്സിലാക്കി കൊവിഡ് പ്രതിരോധത്തില്‍ അതാത് സംസ്ഥാനങ്ങളെ ശക്തിപ്പെടുത്താനാണ് പ്രധാനമായും ലക്ഷ്യമിടുന്നത്. ആരോഗ്യമന്ത്രാലയം വെള്ളിയാഴ്ചയാണ് ഇക്കാര്യം പ്രഖ്യാപിച്ചത്. ഉന്നതതല സംഘത്തില്‍ പൊതു ആരോഗ്യ വിദഗ്ധനും ക്ലിനിഷ്യനും ഉള്‍പ്പെട്ട രണ്ടംഘ സംഘമാണ് സന്ദര്‍ശനത്തിനായെത്തുക.
ഉടനടി ആറ് സംസ്ഥാനങ്ങളും സന്ദര്‍ശിക്കുന്ന സംഘം ഓരോ സംസ്ഥാനങ്ങളും കൊവിഡ് കൈകാര്യം ചെയ്യുന്ന രീതി പരിശോധിക്കും. പ്രധാനമായും കൊവിഡ് പരിശോധനയിലാണ് ശ്രദ്ധയൂന്നുക. കൂടാതെ രോഗവ്യാപനം തടയുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍, നിരീക്ഷണം, ആശുപത്രി കിടക്കകളുടെ ലഭ്യത, ആംബുലന്‍സ്, വെന്റിലേറ്റര്‍, മെഡിക്കല്‍ ഓക്സിജന്‍ എന്നിവയുടെ ലഭ്യതയും ഇതോടൊപ്പം വിലയിരുത്തും. കൊവിഡ് വാക്സിനേഷന്‍ നടപടികളും കേന്ദ്ര സംഘം പരിശോധിച്ച് വിലയിരുത്തും. എല്ലാ സാഹചര്യങ്ങളും വിലയിരുത്തിയ ശേഷം ആവശ്യമായ പരിഹാരമാര്‍ഗ്ഗങ്ങളും നിര്‍ദേശിക്കുമെന്നും ആരോഗ്യമന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്.
അഡീഷണല്‍ ഡിഡിജി ആന്റ് ഡയറക്ടര്‍ ഈഎം ഡോ. എല്‍ സ്വാതിചരണിന്റെ നേതൃത്വത്തിലുള്ള സംഘമാണ് മണിപ്പൂരിലേക്കുള്ള സംഘത്തിലുള്ളത്. എഐഐഎച്ച് ആന്റ് പിച്ചിലെ പ്രൊഫസര്‍ ഡോ. സഞ്ജയ് സാധു ഖാന്റെ നേതൃത്വത്തിലുള്ള സംഘം അരുണാചല്‍ പ്രദേശിലേക്കും എഐഐഎച്ച് ആന്റ് പിച്ചിലെ ഡയറക്ടറും പ്രൊഫസറുമായ ആര്‍ എന്‍ സിന്‍ഹയുടെ നേതൃത്വത്തിലുള്ള സംഘം ത്രിപുരയിലേക്കും എത്തും. കേരളത്തിലേക്ക് പബ്ലിക്ക് ഹെല്‍ത്ത് സ്പെഷ്യലിസ്റ്റ് ഗ്രേഡ് II ഡോ. രുചി ജയിന്റെ നേതൃത്വത്തിലുള്ള സംഘമാണ് എത്തുക. ഒഡിഷയിലേക്ക് പബ്ലിക് ഹെല്‍ത്ത് സ്പെഷ്യലിസ്റ്റ് എഐഐഎച്ച് ആന്റ് പിച്ചിലെ പ്രൊഫസര്‍ ഡോ. എ ഡാന്റെ കീഴിലുള്ള സംഘമാണ് സന്ദര്‍ശിക്കാനെത്തുന്നത്. പബ്ലിക്ക് ഹെല്‍ത്ത് സ്പെഷ്യലിസ്റ്റ് ഡോ. ദിബാക്കര്‍ സാഹുവിന് കീഴിലുള്ള സഘം ഛത്തീസ്ഗഡിലേക്കും സന്ദര്‍ശനത്തിനായെത്തും.