തിരുവനന്തപുരം : ഉറവിടമറിയാത്ത കൊവിഡ് രോഗവും വിപുലമായ സമ്പര്‍ക്ക പട്ടികയും വന്നതോടെ തലസ്ഥാന നഗരം അതീവ ജാഗ്രതയിലേക്ക്. നിയന്ത്രണങ്ങൾ നഗരത്തിൽ ശക്തമാക്കണമെന്ന നിര്‍ദ്ദേശം സ്പെഷ്യൽ ബ്രാഞ്ചും ആരോഗ്യ വകുപ്പിന് കൈമാറിയിട്ടുണ്ട്. നഗരത്തിൽ പൊതു ഗതാഗത മേഖലയിൽ പ്രവര്‍ത്തിക്കുന്ന ഒരു ഓട്ടോ ഡ്രൈവര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ച സാഹചര്യം രോഗ പ്രതിരോധത്തിലും വലിയ വെല്ലുവിളിയാണ് ഉണ്ടാക്കിയിട്ടുള്ളത്.
പന്ത്രണ്ടാം തീയതി മുതൽ ഓട്ടോ ഡ്രൈവര്‍ക്ക് രോഗ ലക്ഷണമുണ്ടെന്നാണ് വ്യക്തമായിട്ടുള്ളത്. അതിന് ശേഷവും ഇദ്ദേഹം നിരവധി പേരുമായി ഇടപെട്ടിട്ടുണ്ട്. സമ്പര്‍ക്ക പട്ടിക കണ്ടെത്തുന്നത് തന്നെ വലിയ വെല്ലുവിളിയാണെന്നാണ് ആരോഗ്യ വകുപ്പ് അധികൃതരുടെ വിലയിരുത്തൽ. തലസ്ഥാന നഗരത്തിലെ കൊവിഡ് ഭീതിയും ഏര്‍പ്പെടുത്തേണ്ട നിയന്ത്രണങ്ങളും ചര്‍ച്ചചെയ്യാൻ കളക്ടറേറ്റിൽ അവലോകന യോഗം ചേരുകയാണ്. മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ നേതൃത്വത്തിലാണ് അവലോകന യോഗം ചേരുന്നത്