ന്യൂഡല്‍ഹി : കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് കൊവിഡ് വ്യാപനം അതിവേഗത്തിലാണെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം. മഹാമാരിക്കെതിരായ ഇന്ത്യയുടെ പോരാട്ടത്തില്‍ അടുത്ത നാലാഴ്ച വളരെ നിര്‍ണായകമാകും. കൊവിഡ് കേസുകള്‍ കുത്തനെ ഉയര്‍ന്നതോടെ സ്ഥിതിഗതി വഷളായതായും ജനസംഖ്യയുടെ വലിയൊരു ശതമാനം ഇപ്പോഴും വെെറസ് ബാധിതരാണെന്നും നീതി ആയോഗ് അംഗം ഡോ. വി.കെ. പോള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.
മഹാമാരിയുടെ തീവ്രത വര്‍ദ്ധിച്ചുവെന്നും ഇത് കഴിഞ്ഞ തവണത്തേക്കാള്‍ വേഗത്തില്‍ പടരുകയാണെന്നും ഡോ.വി.കെ. പോള്‍ പറഞ്ഞു. ചില സംസ്ഥാനങ്ങളില്‍ അവസ്ഥ വളരെ മോശമാണ്. എന്നാല്‍ കൊവിഡ് കേസുകളില്‍ ഉയര്‍ച്ച രാജ്യത്തുടനീളം കാണാന്‍ കഴിയുമെന്നും പോള്‍ പറഞ്ഞു. രണ്ടാം കൊവിഡ് തരംഗത്തെ നിയന്ത്രിക്കാന്‍ ജനങ്ങളുടെ പങ്കാളിത്തം വളരെ അത്യന്താപേക്ഷിതമാണ്. അടുത്ത നാലാഴ്ച വളരെ നിര്‍ണായകമാണ്. മഹാമാരിക്കെതിരെ പോരാടാന്‍ രാജ്യം മുഴുവന്‍ ഒത്തൊരുമയോടെ നില്‍ക്കണമെന്നും കേന്ദ്ര സര്‍ക്കാര്‍ ആവശ്യപ്പെട്ടു.
കൊവിഡിനെതിരെ പോരാടുന്നതിനുളള മാര്‍ഗം പഴയതുതന്നെയാണ്. മാസ്‌ക് ധരിക്കുക, ജനക്കൂട്ടത്തില്‍ നിന്ന് വിട്ടുനില്‍ക്കുക തുടങ്ങിയ മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ കൃത്യമായി പാലിക്കേണ്ടതുണ്ട്. നിയന്ത്രണ നടപടികളും പരിശോധനാ നടപടികളും കൂടുതല്‍ കാര്യക്ഷമമായി നടപ്പാക്കേണ്ടതുണ്ട്. മെഡിക്കല്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ വര്‍ദ്ധിപ്പിക്കുകയും വാക്സിനേഷന്‍ ഡ്രൈവ് ശക്തമാക്കുകയും ചെയ്യണമെന്നും പോള്‍ പറഞ്ഞു.