കോല്‍ക്കത്ത: മരിച്ചയാളുടെ കോവിഡ് സര്‍ട്ടിഫിക്കറ്റ് ലഭിച്ചില്ല, മൃതദേഹം ഐസ്ക്രീം ഫ്രീസറില്‍ സൂക്ഷിച്ച് ബന്ധുക്കള്‍. പശ്ചിമബംഗാളിലെ കൊല്‍ക്കത്തയിലാണ് സംഭവം. വീട്ടില്‍വെച്ച് മരണമടഞ്ഞ 71 വയസുകാരന്റെ മൃതദേഹം 48 മണിക്കൂറാണ് കുടുംബം ഐസ്ക്രീം ഫ്രീസറില്‍ സൂക്ഷിച്ചത്.
കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ഇല്ലാതെ മരണസര്‍ട്ടിഫിക്കറ്റ് നല്‍കാനാവില്ലെന്ന് പറഞ്ഞ് ഡോക്ടര്‍മാര്‍ ആദ്യം കൈയൊഴിഞ്ഞു. മരണസര്ട്ടിഫിക്കറ്റില്ലാതെ മോര്‍ച്ചറികളും മൃതദേഹം സ്വീകരിക്കാന്‍ തയ്യാറായില്ല. ഇതേ തുടര്‍ന്നാണ് കുടുംബത്തിന് ഐസ്ക്രീം ഫ്രീസര്‍ വാടകയ്ക്ക് എടുക്കേണ്ടിവന്നത്. ആരോഗ്യവകുപ്പിനെയും പോലീസിനെയും ജില്ലാഭരണകൂടത്തേയും അറിയിച്ചിട്ടും ആരും സഹായിച്ചില്ലെന്ന് കുടുംബം പറയുന്നു.
തിങ്കളാഴ്ചയാണ് വയോധികന് മരിച്ചത്. മരണപ്പെട്ടയാള്‍ കോവിഡ് പോസ്റ്റീവാണെന്ന് ചൊവ്വാഴ്ച വൈകുന്നേരം റിപ്പോര്‍ട്ട് വന്നു. ബുധനാഴ്ച ഉച്ചയ്ക്കാണ് ആരോഗ്യവകുപ്പെത്തി മൃതദേഹം ഇവിടെനിന്നും മാറ്റിയത്.