തൃശ്ശൂര്‍: ജില്ലയിലെ അവസാനത്തെ കൊവിഡ് രോഗിയും ഇന്ന് ആശുപത്രി വിട്ടു. ചാലക്കുടി സ്വദേശിയായ 15-കാരനാണ് രോഗമുക്തി നേടി വീട്ടിലേക്ക് മടങ്ങിയത്. ഇനിയുള്ള 15 ദിവസം ചാലക്കുടിയിലെ വീട്ടില്‍ ചികിത്സയില്‍ തുടരും.
കൊവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് തൃശ്ശൂര്‍ മെഡിക്കല്‍ കോളേജിലെ കൊവിഡ് ഐസൊലേഷന്‍ വാര്‍ഡില്‍ ചികിത്സയിലായിരുന്ന കുട്ടി. തുടര്‍ച്ചയായി മൂന്ന് പരിശോധനകളിലും നെഗറ്റീവായതോടെയാണ് വീട്ടിലേക്ക് മടങ്ങിയത്. വിദേശത്ത് നിന്നും മടങ്ങിയെത്തിയ അച്ഛനില്‍ നിന്നാണ് കുട്ടിക്ക് അസുഖം പകര്‍ന്നത്. ഇന്ത്യയില്‍ ആദ്യമായി കൊവിഡ് രോഗം സ്ഥിരീകരിച്ചത് തൃശ്ശൂരിലാണ്. അതെസമയം 10,030 പേര്‍ ജില്ലയില്‍ നിരീക്ഷണത്തിലുണ്ട്. ഇതില്‍ 11 പേര്‍ ആശുപത്രിയിലാണ്. 12 സാമ്പിളുകളുടെ ഫലം കിട്ടാനുണ്ട്. നിരീക്ഷണത്തിലുള്ളവര്‍ക്ക് പിന്തുണയേകുന്നതിനായി കൗണ്‍സിലിംഗ് നല്‍കുന്നുണ്ടെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു.