കോഴിക്കോട് : മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയില്‍ നിന്ന് കോവിഡ് ബാധിച്ച് മരിച്ച രോഗിയുടെ മൃതദേഹം മാറി നല്‍കി. കുന്ദമംഗലം സ്വദേശിയായ സുന്ദരന്റെ മൃതദേഹത്തിന് പകരം കുടുംബത്തിന് ലഭിച്ചത് കൗസു എന്ന സ്ത്രീയുടെ മൃതദേഹമായിരുന്നു. മാറിക്കിട്ടിയ മൃതദേഹം കളരിക്കണ്ടി ശ്മശാനത്തില്‍ സംസ്കരിച്ചു. കുന്ദമംഗലം കോ-ഓപ്പറേറ്റീവ് ബാങ്ക് റിട്ട. പ്യൂണ്‍ ആയിരുന്നു പാണരുകണ്ടിയില്‍ സുന്ദരന്‍ (62). ശനിയാഴ്ചയാണ് ഇദ്ദേഹം മരിച്ചത്.
കൗസുവിന്റെ ബന്ധുക്കള്‍ എത്തിയപ്പോഴാണ് മൃതദേഹം മാറിപ്പോയ വിവരം അധികൃതര്‍ അറിഞ്ഞത്. തെറ്റ് പറ്റിയെന്നും സുന്ദരന്റെ മൃതദേഹം സ്വന്തം ചെലവില്‍ നാളെ സംസ്കരിക്കാന്‍ ഏര്‍പ്പാട് ചെയ്യാമെന്നും ആരോഗ്യ വകുപ്പ് ബന്ധുക്കള്‍ക്ക് ഉറപ്പ് നല്‍കി. ഞായറാഴ്ചയാണ് (ഇന്ന്)സംഭവം. എച്ച്.ഐമാര്‍ മൃതദേഹം വാങ്ങി ആംബുലന്‍സില്‍ കയറ്റുമ്പോള്‍ മാറിയതാണ് എന്നാണ് ഫോറന്‍സിക് മേധാവി ഡോ. പ്രസന്നന്റെ വിശദീകരണം. 20 ലധികം മൃതദേഹങ്ങള്‍ മോര്‍ച്ചറിയിലുണ്ടായിരുന്നു. ഉച്ചക്ക് രണ്ടിനും മൂന്ന് മണിക്കുമിടയിലാണ് സംഭവം നടന്നത്.