മുംബൈ : കൊവിഡ് മൂലം ഒരാള്‍ മരിച്ചെന്നുവെച്ച് മൃതദേഹം മറവ് ചെയ്യുന്നതില്‍ പൊതുജനം പ്രതിഷേധിക്കുകയോ അതിനെതിരെ സംഘടിക്കുകയോ വേണ്ടെന്ന് ബോംബെ ഹൈക്കോടതി മുന്നറിയിപ്പ് നല്‍കി. മൃതദേഹം അന്തസ്സായി തന്നെ മറവ് ചെയ്യണം. മരിച്ച വ്യക്തിക്ക് അതിനുള്ള അവകാശമുണ്ട്. ഇന്ത്യന്‍ ഭരണഘടന പൗരന്മാര്‍ക്ക് നല്‍കുന്ന മൗലികാവകാശം മരിച്ച വ്യക്തിക്കും അവകാശപ്പെട്ടതാണെന്ന് ഹൈക്കോടതി പറഞ്ഞു.
കൊവിഡ് മൂലം മരിച്ചവര്‍ക്ക് പ്രത്യേകമായി ഇരുപതോളം സെമിത്തേരികള്‍ നീക്കിവെച്ച മുംബൈ മുന്‍സിപ്പല്‍ ഉത്തരവാണ് ഒരു കൂട്ടം ആളുകള്‍ ചോദ്യം ചെയ്തത്. കൊവിഡ് ബാധിച്ച് മരിച്ചവരെ സെമിത്തേരിയില്‍ സംസ്‌കരിക്കുന്നത് തങ്ങളുടെ വികാരങ്ങള്‍ വ്രണപ്പെടുമെന്നും അത് സാമൂഹിക പ്രശ്നമാകുമെന്നുമാണ് ഹര്‍ജിക്കാര്‍ ആരോപിച്ചത്. ഹര്‍ജികള്‍ ഹൈക്കോടതി തള്ളിക്കളഞ്ഞു. കേന്ദ്ര സര്‍ക്കാരിന്റെ മാര്‍ഗരേഖകള്‍ പൂര്‍ണമായും പാലിച്ചുകൊണ്ടാണ് മൃതദേഹങ്ങള്‍ അടക്കം ചെയ്യുന്നതെന്ന് മുന്‍സിപ്പല്‍ അധികൃതരും സംസ്ഥാന സര്‍ക്കാരും വിശദീകരിച്ചത് ഹൈക്കോടതി സ്വീകരിച്ചു.