ദോഹ : ഖത്തറില്‍ കോവിഡ് ദുരിതബാധിതര്‍ക്ക് സഹായമെത്തിക്കാന്‍ ഓടിനടന്നിരുന്ന തലശ്ശേരി സ്വദേശി അബ്ദുള്‍ റഹീം (47) ഒടുവില്‍ കോവിഡിന് കീഴടങ്ങി. സാമൂഹിക പ്രവര്‍ത്തകനായിരുന്ന റഹീം ഐസൊലേഷന്‍ കേന്ദ്രത്തിലാണ് കഴിഞ്ഞ ദിവസം മരിച്ചത്.
സന്നദ്ധ സേവന രംഗങ്ങളില്‍ കര്‍മ്മനിരതനായിരുന്നു ഇന്‍കാസ് തലശേരി മണ്ഡലം പ്രസിഡന്റായിരുന്ന കതിരൂര്‍ സ്വദേശി അബ്ദുള്‍ റഹീം എടത്തില്‍. കോവിഡ് രോഗികള്‍ക്കു വേണ്ടിയും രോഗ വ്യാപനമുണ്ടാക്കിയ കഷ്ടപ്പാട് അനുഭവിക്കേണ്ടി വന്നവര്‍ക്കുമായി ഖത്തറിലെ വിവിധ സ്ഥലങ്ങളില്‍ ഓടി നടന്ന് പ്രവര്‍ത്തിച്ച വ്യക്തിയായിരുന്നു. കോവിഡ് ബാധിച്ച് ബിന്‍മഹ്മൂദില്‍ സര്‍ക്കാര്‍ ക്വാറന്റീന്‍ കേന്ദ്രത്തിലായിരുന്നു. ശ്വാസ തടസ്സം മൂര്‍ച്ഛിച്ചതിനെത്തുടര്‍ന്ന് രണ്ടു ദിവസം മുമ്പ് ഇന്‍ഡസ്ട്രിയല്‍ ഏരിയയിലെ ഹസംമുബൈരിക് കോവിഡ് ആശുപത്രിയില്‍ ചികിത്സ തേടിയിരുന്നു.
കോവിഡ് ദുരിതം ശക്തമായപ്പോള്‍ ഭക്ഷണമില്ലാതെ കഷ്ടപ്പെട്ടവര്‍ക്കും ജോലിയില്ലാത്തവര്‍ക്കും അത്താണിയായി പ്രവര്‍ത്തിച്ചയാളാണ് റഹീം. സാധനങ്ങള്‍ പാക്ക് ചെയ്യുന്നതു മുതല്‍ വിതരണത്തിനു വരെ സജീവമായിരുന്നുവെന്ന് ഇന്‍കാസ് സെന്‍ട്രല്‍ കമ്മിറ്റി പ്രസിഡന്റ് സമീര്‍ ഏറാമല പറഞ്ഞു.
അതേസമയം മൃതദേഹം കൊവിഡ് പ്രോട്ടോക്കോള്‍ പാലിച്ച് ദോഹയില്‍ ഖബറടക്കുമെന്ന് നടപടികള്‍ക്ക് നേതൃത്വം നല്‍കുന്ന ഖത്തര്‍ കെഎംസിസി മയ്യിത്ത് പരിപാലന കമ്മിറ്റി അറിയിച്ചു.